കണ്ണൂർ:കണ്ണൂർ ജില്ലയിൽ നഗരവത്കരത്തെത്തുടർന്നുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് കണ്ണൂർ സർവകലാശാല ഭൂമിശാസ്ത്ര വകുപ്പിന്റെ പഠന റിപ്പോർട്ട്. സമീപഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുംവിധം അപകടകരമാണ് മലിനീകരണതോതെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതില്‍ പ്രധാന പ്രശ്നമായ ഖനലോഹ മലിനീകരണത്തിന്റെ ഏറിയപങ്കും മനുഷ്യജന്യമാണ്. അതിവേഗ നഗരവത്കരണത്തിനൊപ്പം മലിനീകരണ നിയന്ത്രണത്തിന് കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പഠനം വിരൽ ചൂണ്ടുന്നത്. പഠന റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ഗവേഷണ ജേർണൽ ആയ സ്പ്രിംഗറിന്റെ ബുള്ളറ്റിൻ ഓഫ് നാഷണൽ റിസർച്ച് സെന്ററിൽ പ്രസിദ്ധീകരിച്ചു. ജില്ലയില്‍ നഗരവത്കരണാനുപതം കൂടുതലുള്ള 20 പ്രദേശങ്ങളിലെ മണ്ണ് സാമ്പിളുകൾ ഫ്ലൂറെസെന്സ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ശാസ്ത്രീയ രാസ പരിശോധനയ്ക്ക് വിധേയമാക്കിയാണ് പഠനം നടത്തിയത്.
2001 ൽ 50.3 ശതമാനമായിരുന്ന ആയിരുന്ന ജില്ലയിലെ നഗര ജനസംഖ്യ 2011 ഇൽ തന്നെ 65 ശതമാനമത്തിനു മുകളിലെത്തിയതായി പഠനത്തിൽ കണ്ടെത്തി. നിലവിൽ സംസ്ഥാനത്തെ ജില്ലകളിൽ നഗര ജനസംഖ്യയില്‍ നാലാം സ്ഥാനത്ത് ആണെങ്കിലും ചെറുപട്ടണങ്ങളുടെ വലിയ തോതിലുള്ള വളർച്ച കണ്ണൂരിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നുണ്ട്. നഗരത്തിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും വര്‍ധന പരിസ്ഥിതിയിൽ വരുത്തുന്ന മാറ്റങ്ങളാണ് സംഘം പ്രധാനമായും പഠന വിധേയമാക്കിയത്. മണ്ണിലെ ലെഡ്, മെർകുറി, കാഡ്മിയം. ഇരുമ്പ്, അർസനിക് തുടങ്ങിയ ലോഹങ്ങളുടെ അളവ് പഠിക്കുകയും മലിനീകരണ തോത് വിലയിരുത്താന്‍ സഹായിക്കുന്ന സൂചകങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഏന്ററിച്ച്മെന്റ് ഫാക്ടർ, കണ്ടാമിനേഷൻ ഫാക്ടർ, ജിയോ അക്യുമുലേഷൻ ഇന്‍ഡക്സ്, പൊല്യൂഷൻ ലോഡ് ഇന്‍ഡക്സ് എന്നിവയാണ് പഠനവിധേയമാക്കിയ സൂചകങ്ങള്‍. നഗരവളർച്ച കൂടുതൽ ഉള്ള കണ്ണൂർ, തലശേരി, പയ്യന്നൂർ പ്രദേശങ്ങളിൽ മണ്ണിന്റെ രാസീകശോഷണം അപകടകാരമായ തോതില്‍ വര്‍ധിച്ചതായാണ് പഠനത്തിൽ കണ്ടെത്തിയത് ഇത് സമീപഭാവിയില്‍ തന്നെ ഗൗരവമായ ആരോഗ്യ പ്രശ്ങ്ങള്‍ക്ക് വഴിവയ്ക്കുമെന്നു റിപ്പോർട്ടിൽ പറയുന്നു
ജില്ലയിൽ നിർമാണ പ്രവർത്തനങ്ങൾ കൂടിവരുന്നതായി വ്യക്തമായി. 2000ൽ 85 ചതുരശ്ര കിലോമീറ്റർ ആയിരുന്ന ബിൽറ്റ് അപ്പ് ഏരിയ എങ്കില്‍ 2020 ൽ ഇത് 195 ആയി ഉയർന്നിട്ടുണ്ട്. ഉപരിതല ഊഷ്മാവ് കഴിഞ്ഞ 10 വർഷത്തിനിടയിൽ രണ്ടു ഡിഗ്രി സെൽഷ്യസ് കൂടിയതായും കണ്ടെത്തി.
ഖര മാലിന്യ സംസ്കരണത്തിലും മലിനജല സംസ്കരണത്തിലും വളർന്നുവരുന്ന പട്ടണങ്ങൾ കൂടുതൽ ശ്രദ്ധ നല്‍കണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഡോ.ടി.കെ. പ്രസാദിന്റെ നേതൃത്വത്തിൽ കെ.പി. ഷിമോദ്, ഡോ. ജി. ജയപാൽ, ഡോ. വി. വിനീത് കുമാർ എന്നിവരാണ് പഠനം നടത്തിയത്.