23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • എതിർപ്പിന്‌ വഴങ്ങിയാൽ കേരളം പിന്നോട്ടടിക്കും : മുഖ്യമന്ത്രി
Kerala

എതിർപ്പിന്‌ വഴങ്ങിയാൽ കേരളം പിന്നോട്ടടിക്കും : മുഖ്യമന്ത്രി

സിൽവർ ലൈനിനെതിരായ എതിർപ്പിന്‌ കീഴടങ്ങിയാൽ സംസ്ഥാനത്തെ അത്‌ പിന്നോട്ടടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത്‌ വികസനപദ്ധതി വന്നാലും അനാവശ്യമായി എതിർക്കുന്ന ശീലം കുറച്ച്‌ കാലമായി കേരളത്തിലുണ്ട്‌. സംസ്ഥാനത്തെ മുന്നോട്ട്‌ നയിക്കുക സർക്കാരിന്റെ ബാധ്യതയാണ്‌. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം നടപ്പാക്കുക എന്നതാണ്‌ നയം. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നൽകിയാൽ ജനങ്ങൾ പൂർണമായി സഹകരിക്കുമെന്നാണ്‌ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ അനുഭവം.

നാടിന്റെ പുരോഗതിക്ക് അടിസ്ഥാന വികസനം സാധ്യമാക്കണം. സഞ്ചാരവേഗം കൈവരിക്കാത്ത നാടിന് വികസിക്കാൻ കഴിയില്ല. ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കാലത്തിനനുസരിച്ച് മുന്നോട്ട് പോകാൻ ഗതാഗത സൗകര്യങ്ങൾ വികസിക്കണം. സിൽവർ ലൈൻ വിഭാവനം ചെയ്തത്‌ അത്തരമൊരു ലക്ഷ്യം മുന്നിൽക്കണ്ടാണ്. ഏറ്റവും കുറഞ്ഞ തോതിൽ ആഘാതം ഉണ്ടാക്കുന്നതാണ് പദ്ധതി. പരിസ്ഥിതിലോലപ്രദേശങ്ങളിലൂടെയോ വന്യമൃഗ സങ്കേതത്തിലൂടെയോ കടന്നുപോകുന്നില്ല. നദികളുടെയും മറ്റു ജല സ്രോതസ്സുകളുടെയും സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളുമുള്ള 88 കിലോമീറ്റർ പാത തൂണുകളിൽക്കൂടിയാണ് കടന്നുപോകുക. നിലവിലെ റെയിൽവേ എംബാങ്ക്‌മെന്റുകൾക്ക്(റെയിൽവേ ലൈൻ സ്ഥാപിക്കുന്ന മൺതിട്ട) സമാനമാണ് സിൽവർ ലൈനും. നീരൊഴുക്ക് സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്തിയാകും നിർമാണം. നൂറ്റാണ്ടിനിടെ ഉണ്ടായ പ്രളയങ്ങളും വേലിയേറ്റ–- വേലിയിറക്കങ്ങളും പഠിച്ചാണ്‌ രൂപകൽപ്പന ചെയ്തതെന്നും -മുഖ്യമന്ത്രി പറഞ്ഞു.

ഉപേക്ഷിച്ച പദ്ധതികൾ നടപ്പാക്കിയ നാട്‌
പതിറ്റാണ്ടുകൾ ശ്രമിച്ചിട്ടും ഫലം കാണാതെ ഉപേക്ഷിച്ച വൻ പദ്ധതികൾ ഏറ്റെടുത്ത്‌ വിജയം കൊയ്ത അനുഭവം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ജനസമക്ഷം സിൽവർ ലൈൻ’ വിശദീകരണ യോഗത്തിലാണ്‌ മുഖ്യമന്ത്രി 2016–-21 കാലത്തെ അനുഭവങ്ങൾ വിവരിച്ചത്‌. സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിച്ചു. നഷ്ടം വരുന്നവർക്ക്‌ പരിഹാരവും മികച്ച പുനരധിവാസവും ഉറപ്പുവരുത്തി. അനാവശ്യ എതിർപ്പുകളെ നേരിട്ടു. ഉത്തരവദിത്വം നിറവേറ്റിയപ്പോൾ ജനം സഹകരിച്ചു–- മുഖ്യമന്ത്രി പറഞ്ഞു.

2016ൽ അധികാരത്തിൽ വരുമ്പോൾ സാധാരണഗതിയിൽ നടക്കേണ്ടതുപോലും നടക്കില്ലെന്ന നിരാശ എല്ലാവരെയും ബാധിച്ചിരുന്നു. എന്നാൽ, നാടിന്‌ ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾ നടപ്പാക്കണമെന്നാണ്‌ സർക്കാർ തീരുമാനിച്ചത്‌. പഴയ പഞ്ചായത്ത്‌ റോഡുകളേക്കാൾ മോശമായ ദേശീയപാത വീതികൂട്ടാൻ യുഡിഎഫ്‌ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ താൻ പങ്കെടുത്തിരുന്നു. 45 മീറ്റർ വീതിയിൽ സ്ഥലം എടുക്കണമെന്ന്‌ തീരുമാനിച്ചു. എല്ലാ കക്ഷികളും യോജിച്ചു. ചിലയിടത്ത്‌ വലിയ എതിർപ്പുണ്ടായി. ഒന്നും നടന്നില്ല. ഗെയിൽ പാചകവാതക പൈപ്പ്‌ലൈൻ യുഡിഎഫ്‌ ഉപേക്ഷിച്ചതാണ്‌. ഇവിടെ ഒന്നും നടക്കില്ലെന്നാണ്‌ കേന്ദ്ര സർക്കാരും വിലയിരുത്തിയത്‌. ഇന്ന്‌ പൈപ്പ്‌ലൈൻ യാഥാർഥ്യമായി.

കൂടംകുളം–- കൊച്ചി വൈദ്യുതി ലൈൻ ഏറ്റെടുത്തവർ ഉപേക്ഷിച്ചുപോയി. പക്ഷേ, ലൈൻ വരുന്ന വഴിയിലുള്ളവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആവശ്യമായ നഷ്ടപരിഹാര നടപടി ചെയ്തു. എന്നിട്ടും, കുറച്ചുപേർ എതിർത്തു. അവരോടും സർക്കാർ വിരോധമൊന്നും കാണിച്ചില്ല. സാധാരണ നടപടികളുമായി മുന്നോട്ടു പോയി.

വികസനത്തിന്‌ ഒഴിച്ചുകൂടാനാകാത്ത പദ്ധതികൾ വരുമ്പോൾ ചിലർ ശക്തമായ എതിർക്കുന്നു. ഇതിനു പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളാണ്‌. നിർഭാഗ്യകരമാണത്‌. പഴയ മേന്മ പറഞ്ഞ്‌ നമുക്ക്‌ മുന്നോട്ട്‌ പോകാനാകില്ലെന്ന്‌ മനസ്സിലാക്കണം. അങ്ങനെ ഇരുന്നാൽ കാലത്തോടൊപ്പം സഞ്ചരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

അങ്കമാലി – എരുമേലി പദ്ധതിയുടെ 50 ശതമാനം ചെലവ്‌ വഹിക്കാമെന്ന്‌ കേരളം

Aswathi Kottiyoor

കളമശ്ശേരിയിൽ 500 കിലോ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

Aswathi Kottiyoor

കേന്ദ്ര കടന്നുകയറ്റം വികസനത്തിന്‌ തടസ്സം : മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox