കണ്ണൂർ: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും സംരംഭകത്വ-നവീകരണ പ്രവര്‍ത്തനങ്ങളുടെ സൂചകമായ അടല്‍ റാങ്കിംഗില്‍ ഇടംപിടിച്ച് കണ്ണൂര്‍ സര്‍വകലാശാല. 2021 ലെ പട്ടികയില്‍ സര്‍വകലാശാല വിഭാഗത്തില്‍ പെര്‍ഫോര്‍മര്‍ ബ്രാന്‍ഡിലാണ് കണ്ണൂര്‍ സര്‍വകലാശാല ഉള്‍പ്പെട്ടിരിക്കുന്നത്. ഉന്നതനിലവാരമുള്ള ഗവേഷണം, സംരംഭകത്വം, നവീകരണം എന്നിവയ്ക്ക് അനുകൂലമായ സാഹചര്യം വളര്‍ത്തിയെടുക്കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അടല്‍ റാങ്കിംഗ് പ്രഖ്യാപിക്കുന്നത്. ഇത്തവണ 1438 സ്ഥാപനങ്ങള്‍ റാങ്കിംഗില്‍ പങ്കാളികളായി.
വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് കണ്ണൂര്‍ സര്‍വകലാശാല നടപ്പിലാക്കിവരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വകലാശാലയുടെ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശീലനം ലഭിച്ച 11 ഇന്നൊവേഷന് അംബാസിഡര്‍മാര്‍ വിദ്യാര്‍ഥികളെ സഹായിക്കാനുണ്ട്.
2013 മുതല്‍ കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍ സംരംഭകത്വ വികസന ക്ലബ് (ഇഡി ക്ലബ്) പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികളെയും അധ്യാപകരെയും തദ്ദേശീയരായ സംരംഭകരെയും പങ്കെടുപ്പിച്ച് വിവിധ മേഖലകളില്‍ പദ്ധതികള്‍ ക്ലബ് മുഖേന നടപ്പിലാക്കിവരുന്നു. 2015ല്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷനു കീഴില്‍ അനുവദിച്ചുകിട്ടിയ ഇന്നോവേഷന്‍ ആൻഡ് എന്റര്‍പ്രണര്‍ഷിപ്പ് സെന്റര്‍ വിദ്യാര്‍ഥികളുടെ നൂതനമായ ആശയങ്ങള്‍ പ്രയോഗവത്കരിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നു.
വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും ആശയങ്ങളും സംരംഭകത്വ താത്പര്യങ്ങളും പരിപോഷിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിച്ച ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററി (ബിഐസി)ൽ അമ്പതില്‍ പരം വിദ്യാര്‍ഥി സ്റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം പ്രവര്‍ത്തിച്ചുവരുന്നു. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച ആസ്ട്രെക് ഇന്നോവേഷന്‍, ടെക്ടേണ്‍, മാര്‍ക്ക് ബാര്‍ബര്‍, റോഡ് മേറ്റ്, വിംഗ് ട്വന്റി മുതലായവ പ്രധാന ബിഐസി സ്റ്റാര്‍ട്ട് അപ്പുകളാണ്.
മാനേജ്മെന്റ് പഠനവിഭാഗം മേധാവി ഡോ. യു. ഫൈസല്‍, ഗവേഷകനായ ടി.കെ. മുനീര്‍ എന്നിവര്‍ക്കാണ് ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും മറ്റു സംരംഭകത്വ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം. മോളിക്യുലാര്‍ ബയോളജി വിഭാഗം മേധാവി ഡോ. സൂരജ് എം. ബഷീറിന്റെ നേതൃത്വത്തിലാണ് ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സിലിന്റെ പ്രവര്‍ത്തനം.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സാമ്പത്തിക പിന്തുണ നല്കുന്നതിനുംവേണ്ടി സര്‍വകലാശാല ഒരു സ്റ്റാര്‍ട്ടപ്പ് നയം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. സര്‍വകലാശാലയിലെ സംരംഭകപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനുവേണ്ടി പ്രത്യേക സമിതിയും നിലവിലുണ്ട്. ഇത്തരം പ്രവർത്തനങ്ങളാണ് ആദ്യ ശ്രമത്തില്‍ത്തന്നെ അടല്‍ റാങ്കിംഗില്‍ ഇടം നേടാന്‍ സഹായകമായത്.