ഇരിട്ടി: പതിമൂന്ന് വര്ഷം മുൻപ് നിലച്ച പഴശ്ശി കനാൽ വഴിയുള്ള ജലവിതരണം പുനരാരംഭിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലേക്ക്. 2012 ലെ പ്രളയത്തിൽ തകർന്ന കനാൽ പുനർ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. 29 ന് ബുധനാഴ്ച പഴശ്ശിയുടെ കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളമൊഴുക്കി പരീക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്.
ജില്ലയിലെ 11525 ഹെക്ടർ വരുന്ന കൃഷിയിടങ്ങളെ കാർഷിക സമൃദ്ധിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നാല് പതിറ്റാണ്ട് മുൻപാണ് പഴശ്ശി പദ്ധതി ആരംഭിക്കുന്നത്. 1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് പദ്ധതി ഭാഗികമായി ഉദ്‌ഘാടനം ചെയ്തത്. പഴശ്ശിയിൽ നിന്നും മാഹിവരെ നീളുന്ന 46. 26 കിലോമീറ്റർ പ്രധാന കനാൽ അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന 413 .123 കിലോമീറ്റർ വരുന്ന കനാൽ ശൃംഖലകളാണ് ഈ പദ്ധതിക്കുള്ളത്. വേനൽക്കാലങ്ങളിൽ ജലലഭ്യത കുറയുന്നതുമൂലം കൃഷിചെയ്യാനാവാതെ കിടക്കുന്ന ജില്ലയിലെ ഇത്തരം കൃഷിയിടങ്ങളിൽ രണ്ടും മൂന്നും വിളകൾ ഇറക്കി കാർഷിക സമൃദ്ധിയിലേക്കു കൊണ്ടുവരിക എന്ന തായിരുന്നു ലക്‌ഷ്യം. എന്നാൽ വേനൽക്കാലങ്ങളിൽ പദ്ധതിയിൽ ജലലഭ്യത ഇല്ലാതായതോടെ ഈ സ്വപ്നത്തിനു തിരിച്ചടി നേരിട്ടു. ഇതോടെ പഴശ്ശിയെ ജില്ലയിലെ കുടിവെള്ള പദ്ധതിയാക്കി മാറ്റി എടുക്കുകയായിരുന്നു.
എന്നാൽ പല പദ്ധതികളേയും പോലെ വെള്ളാനകൾ കട്ടുമുടിച്ച പദ്ധതിയായി ഇത് മാറി. നാലരക്കോടി ചിലവ് പ്രതീക്ഷിച്ച് 1969 ൽ തുടങ്ങിയ പദ്ധതി 200 കോടിയിലേറെ ചെലവഴിച്ചിട്ടും ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിഞ്ഞില്ല. ഫലഭൂയിഷ്ടമായ അയ്യായിരത്തോളം ഹെക്ടർ ഭൂമി റിസർവോയറിനായി ഏറ്റെടുത്തെങ്കിലും ഇവിടുത്തെ കൃഷി പാടേ നശിക്കുകയും കാട് കയറുകയും ചെയ്തു. കാലാകാലങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുന്നതിൽ വന്ന വീഴ്ചയും ഷട്ടറുകളുടെ ചോർച്ചയും പദ്ധതിയെ പിന്നോട്ടടിപ്പിച്ചു. ആദ്യത്തെ ഏതാനും വർഷങ്ങളിൽ വെള്ളമൊഴുകിയെങ്കിലും ജില്ലയിൽ തലങ്ങും വിലങ്ങും വെട്ടിയ കനാലുകളിൽ പത്ത് വർഷത്തിനുള്ളിൽ തന്നെ പലഭാഗങ്ങളിലും ചോർച്ചതുടങ്ങി. ഷട്ടറിന്റെ തകരാറ് കാരണം കനാലിലേക്ക് ഒഴുകേണ്ട വെള്ളം പദ്ധതിയിൽ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുകി തുടങ്ങിയതോടെ ആറുമാസം കനാൽ വഴി വെളളം എത്തിക്കാനുള്ള ശേഷി രണ്ടോ മൂന്നോ മാസത്തിലേക്ക് ചുരുങ്ങി. ചോർച്ച രൂക്ഷമായതോടെ പദ്ധതിയിൽ നിന്നും വെളളം പമ്പ് ചെയ്ത് കനാലിലേക്ക് ഒഴുക്കി വിടേണ്ട അവസ്ഥയായി. ഇതോടെ മാസങ്ങളായി വെള്ളം ഒഴുകാത കൈകനാൽ പ്രദേശങ്ങൾ കൈയേറിയും മറ്റും ജനങ്ങൾ റോഡുകളായും മാലിന്യം തള്ളാനുള്ള ഇടങ്ങളായും മാറ്റി. 2008ൽ ആണ് അവസാനമായി കനാൽ വഴി പദ്ധതിയിൽ നിന്നും വെള്ളം ഒഴുക്കിവിട്ടത്.
ഇതിനിടെയാണ് 2012 കനത്ത മഴ പെയ്യുന്നത് . പഴശ്ശിയുടെ വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയിൽ പഴശ്ശിയിൽ വെള്ളം കയറുന്നത് നോക്കി നിൽക്കുകയായിരുന്നു അധികൃതർ. അറ്റകുറ്റപ്പണികൾ നടത്താതെ തുരുമ്പെടുത്ത ഷട്ടറുകൾ ഉയർത്താനുള്ള ശ്രമം പാളി. പദ്ധതിക്ക് മുകളിലൂടെ കുതിച്ചൊഴുകിയ പ്രളയ ജലത്തിൽ കനാലുകളും ഇവിടുത്തെ ഉദ്യാനവുമടക്കം തകർന്നു. ഇരിട്ടി പട്ടണവും പദ്ധതിയുടെ ജല സംഭരണിയോട് ചേർന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കടകൾ, വീടുകൾ, സ്ഥാപങ്ങൾ എല്ലാം വെള്ളം കയറി നശിച്ചു. പക്ഷേ ആളപായമുണ്ടായില്ല എന്നത് മാത്രമായിരുന്നു ആശ്വാസം.
ഇതിൽ നിന്നും പാഠമുൾക്കൊണ്ട് ഷട്ടറുകളെല്ലാം പുതുക്കി പണിയാൻ അധികൃതർ തീരുമാനിച്ചു. ഇതോടെ ആറ് കോടിയോളം മുടക്കി 16 ഷട്ടറുകളും പുതുക്കി പണിതു. ഈ തീരുമാനമാണ് ഇപ്പോൾ പദ്ധതിക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. ഷട്ടറുകളിൽ ചോർച്ച നിലച്ചതോടെ പൂർണ്ണ തോതിൽ വെള്ളം സംഭരിക്കാനെന്ന നിലയിലേക്ക് പദ്ധതി എത്തി. ജില്ലയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ദായിനിയായി ഇന്ന് പദ്ധതി മാറി. ഇപ്പോൾ പ്രവർത്തി നിലച്ച മട്ടാണെങ്കിലും പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയും ഇതിനെ ആശ്രയിച്ചാണ് നിർമ്മിക്കുന്നത്.
പദ്ധതിയിൽ നിന്നും അഞ്ചു കിലോമീറ്റർ മെയിൻ കനാൽ വഴി വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടിയാണ് പൂർത്തിയാകുന്നത്. 29ന് പരീക്ഷണാടിസ്ഥാനത്തിൽ കനാൽ വഴി വെള്ളം തുറന്നു വിടും. മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെങ്കിൽ പുതു വർഷത്തിൽ വേനൽകാലം മുഴുവൻ വെള്ളം എത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. ഈ വർഷം അഞ്ചു കിലോമീറ്റർ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ അടുത്ത വർഷം 16 കിലോമീറ്റർ വെള്ളം എത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം കൊണ്ട് 46 കിലോമീറ്റർ മാഹി വരെ വരുന്ന മെയിൻ കനാൽ വഴി വെള്ളം എത്തിക്കാനുള്ള പദ്ധതിക്കാണ് പഴശ്ശി ജല സേചന വിഭാഗം രൂപ രേഖ തെയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിയിലെ റിസർവോയർ ലെവർ 26.52 മീറ്റർ ആണ്. ഇത് നില നിർത്താൻ കഴിയുന്നതാണ് ഇപ്പോൾ പ്രതീക്ഷ നൽകുന്നത്. സംഭരണിയിൽ 23.8 മീറ്റർ വെളളം നിലനിർത്താൻ കഴിഞ്ഞാൽ കനാൽ വഴി വെള്ളം എല്ലാ സമയവും ഒഴുക്കി വിടാൻ കഴിയും. മെയിൻ കനാൽ വഴി വെളളം എത്തിക്കാൻ കഴിഞ്ഞാൽ കൈക്കാനാലുകൾ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
previous post