24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വിവാഹപ്രായം ഉയർത്തൽ : നിയമ പ്രശ്നങ്ങൾ നിരവധി ; നടപ്പുസമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കാൻ സാധ്യതയില്ല
Kerala

വിവാഹപ്രായം ഉയർത്തൽ : നിയമ പ്രശ്നങ്ങൾ നിരവധി ; നടപ്പുസമ്മേളനത്തിൽ ബില്‍ അവതരിപ്പിക്കാൻ സാധ്യതയില്ല

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ കേന്ദ്രസർക്കാരിന്‌ നിയമപരമായ നിരവധി കടമ്പകൾ കടക്കണം. പ്രത്യേകനിയമങ്ങളിലും വ്യക്തിനിയമങ്ങളിലും ഭേദഗതികൾ കൊണ്ടുവരണം. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. ജുഡീഷ്യറിയുടെ സൂക്ഷ്‌മപരിശോധനയും നേരിടണം. നീക്കത്തിനെതിരായ വ്യാപകപ്രതിഷേധവും നിയമപരമായ പ്രശ്‌നങ്ങളും കണക്കിലെടുത്ത്‌ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ വിവാഹപ്രായം ഉയർത്തൽ നിയമഭേദഗതി അവതരിപ്പിക്കാൻ സാധ്യതയില്ലെന്നാണ്‌ സൂചന. 2006ലെ ശൈശവവിവാഹ നിരോധന നിയമപ്രകാരം ആൺകുട്ടികൾക്ക്‌ ഇരുപത്തൊന്നും പെൺകുട്ടികൾക്ക്‌ പതിനെട്ടും വയസ്സ്‌ തികഞ്ഞാലേ വിവാഹത്തിന്‌ നിയമസാധുതയുള്ളൂ.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെങ്കിൽ ആദ്യം ഈ നിയമത്തിൽ മാറ്റം വരുത്തണം. ഹിന്ദു, ക്രിസ്‌ത്യൻ, സ്‌പെഷ്യൽ മാര്യേജ്‌ നിയമങ്ങളിൽ വിവാഹപ്രായം വധുവിന്‌ പതിനെട്ടും വരന്‌ ഇരുപത്തൊന്നും ആണ്‌. പ്രായപരിധി ഉയർത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ആവശ്യമില്ല. എന്നാൽ, വിവാഹത്തിന്‌ കൃത്യമായ പ്രായപരിധിയില്ലാത്ത മുസ്ലിം വ്യക്തിനിയമത്തിൽ വിവാഹപ്രായപരിധി സംബന്ധിച്ച്‌ കാര്യമായ മാറ്റങ്ങൾ വേണ്ടിവരും.

വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തുന്നത്‌ ഭരണഘടനാപരമായ അവകാശലംഘനമാകുമെന്ന വാദം ഉയരാൻ സാധ്യതയുണ്ട്‌. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത്‌ ലിംഗനീതിയും തുല്യതയും ഉറപ്പാക്കാനാണെന്ന മറുവാദമായിരിക്കും സർക്കാർ ഉന്നയിക്കുക. 2017ൽ മുത്തലാഖ്‌ കേസിൽ വ്യക്തിനിയമങ്ങൾ ഭരണഘടനാ ചട്ടക്കൂടിന്‌ അനുസൃതമായിരിക്കുമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളതും ചൂണ്ടിക്കാട്ടും.

അതേസമയം, 18 വയസ്സിൽ നിയമപ്രകാരം പ്രായപൂർത്തിയാകുന്ന പെൺകുട്ടിക്ക്‌ സ്വന്തം താൽപ്പര്യപ്രകാരം വിവാഹം കഴിക്കാൻ അനുവാദം നിഷേധിക്കുന്നത്‌ മൗലികാവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന ചോദ്യത്തിനും സർക്കാർ ഉത്തരം പറയേണ്ടി വരും. വ്യക്തിസ്വാതന്ത്ര്യം, അന്തസ്സ്‌, ജീവിക്കാനുള്ള അവകാശം, സ്വകാര്യത തുടങ്ങി ഭരണഘടന വാഗ്‌ദാനം ചെയ്‌തിട്ടുള്ള അവകാശങ്ങളുടെ ലംഘനമുണ്ടായാൽ സുപ്രീംകോടതിക്ക്‌ വിഷയത്തിൽ സ്വാഭാവികമായും ഇടപെടേണ്ടി വരും.

തിടുക്കത്തിൽ അവതരിപ്പിക്കരുത്: എളമരം കരീം
സ്‌ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ തിരക്കിട്ട്‌ അവതരിപ്പിക്കാനുള്ള നീക്കത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭാകക്ഷി നേതാവ്‌ എളമരം കരീം പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി. ശൈശവവിവാഹ നിരോധനം (ഭേദഗതി) ബിൽ പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വിടണം. എല്ലാ കക്ഷികളുമായും ചർച്ചയും കൂടിയാലോചനയും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സാമൂഹ്യബോധവൽക്കരണം കൂടാതെ തീരുമാനം നടപ്പാക്കിയാൽ വലിയ ഭവിഷ്യത്തുകളുണ്ടാകുമെന്നും എളമരം കരീം പറഞ്ഞു.

Related posts

എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി

Aswathi Kottiyoor

മദ്യവില കൂട്ടി വാങ്ങിയാൽ പിഴ 1000 ഇരട്ടി; ആവശ്യപ്പെടുന്ന ബ്രാൻഡ് മുക്കിയാൽ 100 ഇരട്ടി.

Aswathi Kottiyoor

റേ​ഷ​ൻ ക​ട അ​ട​പ്പ് സ​മ​രം നാ​ളെ

Aswathi Kottiyoor
WordPress Image Lightbox