കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശി ഡാം പദ്ധതി പ്രദേശത്തെ പഴശി ഗാർഡനിൽ നാളെ മുതൽ ജനുവരി പത്തുവരെ ശിശിരോത്സവം ഡാം ഫെസ്റ്റ് നടക്കും.
മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുന്ന വിവിധങ്ങളായ പരിപാടികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിശിരോത്സവം സംഘടിപ്പിക്കുന്നത്.
ഗാനമേള, സാംസ്കാരിക സായാഹ്നം, മാജിക് ഷോ, നാട്ടറിവ് പാട്ടുകൾ, മാപ്പിളപ്പാട്ട് വിസ്മയം, കോമഡി പ്രോഗ്രാം, പുസ്തകോത്സവം, കൃഷി പാഠശാല, മാർഗദർശി സംരംഭകത്വ പാഠശാല, കുടുംബശ്രീ മേള, ന്യൂ ഇയർ രാവ്, പ്രഭാഷണം, പ്രതിഭാസംഗമം, രുചിയറിവുകൾ, ചിത്രകലാ മേള, കരകൗശല വിപണനമേള, ജനപ്രതിനിധി സംഗമം, മാധ്യമപ്രവർത്തകരുടെ സംഗമം, വ്യവസായ പ്രമുഖരെ ആദരിക്കൽ, കലാ-സാഹിത്യ-വൈജ്ഞാനിക പ്രതിഭകൾക്ക് ആദരം തുടങ്ങിയ വിവിധ പരിപാടികളും ജലോത്സവം, കുതിര സവാരി, കുട്ടികളുടെ വിവിധ റൈഡറുകൾ, സാഹസിക വിനോദ പരിപാടികൾ, ഫുഡ് കോർട്ട്, സസ്യ-ഫല -പുഷ്പ പ്രദർശനം എന്നിവയും ശിശിരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ മന്ത്രിമാർ, എംപി, എംഎൽഎമാർ, കലാ-സാഹിത്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നാളെ വൈകുന്നേരം നാലിന് സണ്ണി ജോസഫ് എംഎൽഎ ശിശിരോത്സവം ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിക്കും.
പ്രശസ്ത സിനിമാതാരം നിഹാരിക എസ്. മോഹൻ മുഖ്യാതിഥിയായിരിക്കും. ഡിടിപിസി സെക്രട്ടറി ജെ.കെ. ജിജേഷ്കുമാർ, നഗരസഭ ഡിവിഷൻ കൗൺസിലർ പി. ബഷീർ, ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ എ.എൻ. രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.