അമ്പലക്കണ്ടി പാലത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു. 2018ൽ ജില്ലാ പഞ്ചായത്ത് 49 ലക്ഷം രൂപ വകയിരുത്തി ആരംഭിച്ച പാലം പണിയാണ് മുടങ്ങിയത്. ആറളം ഫാം തൊഴിലാളികളും ക്ഷീരകർഷകരും നാട്ടുകാരും ഏറെ നാളുകളായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ഫണ്ട് വകയിരുത്തുകയും നിർമാണം ആരംഭിക്കുകയും ചെയ്തത്.
2019 മാർച്ച് മാസത്തോടെ തൂണുകളുടെ പ്രവൃത്തി പൂർത്തീകരിച്ചു. 2019 ലെ മഹാപ്രളത്തിൽ തൂണുകൾ മരം വന്നിടിച്ച് ചെരിഞ്ഞു. ഇതോടെ പാലം പണിയും നിലച്ചു. അശാസ്ത്രീയ നിർമാണമാണ് തൂണുകൾ ചെരിയാൻ കാരണമെന്നും പാലം പണിയിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. അമ്പലക്കണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണാ ചാരിറ്റബിൾ ട്രസ്റ്റ് പരാതിയുമായി രംഗത്തെത്തി.
നിലവിൽ തൂണുകൾ തമ്മിൽ മുള ഉപയോഗിച്ച് ബന്ധിപ്പിച്ചാണ് തൊഴിലാളികൾ കടന്നുപോകുന്നത്. എത്രയും പെട്ടെന്ന് പരാതി പരിഹരിച്ച് പാലം പണി പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ചാക്കോ പന്നിക്കോട്ടിൽ, ഇ.വി.ബിജോയ്, ബിനോയ് പതാലിൽ എന്നിവർ ആവശ്യപ്പെട്ടു.