സംസ്ഥാനത്തെ സ്കൂളുകൾ പൂർണതോതിൽ തുറക്കുന്നതു ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്കൂളുകളിൽ എത്തുന്ന കുട്ടികൾക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യപരിരക്ഷ നൽകാൻ നടപടി എടുക്കണം. കോവിഡാനന്തര രോഗങ്ങളെക്കുറിച്ച് അധ്യാപകരിൽ പൊതു ധാരണ ഉണ്ടാക്കണം. കോവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു.
ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കും. ഉത്സവങ്ങൾ, രാഷ്രീയ, സാംസ്കാരിക, സാമൂഹിക പരിപാടികളുൾപ്പെടെയുള്ള പൊതുചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 300 പേരെയും മുറികൾ, ഹാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ പരമാവധി 150 പേരെയും അനുവദിക്കും.
വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 200, അടഞ്ഞ ഇടങ്ങളിൽ പരമാവധി 100 എന്ന നിലവിലുള്ള നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം.
ശബരിമലയിൽ കഴിഞ്ഞദിവസം ചില ഇളവുകൾ അനുവദിച്ചിട്ടുണ്ടെന്നും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും മുഖ്യമന്ത്രി അവലോകനയോഗത്തിൽ നിർദേശം നല്കി.