വായു നിലവാരം തീരെ മോശം അവസ്ഥയിൽ തുടരുന്നു. അന്തരീക്ഷത്തിലെ വായുനിലവാര സൂചികയിൽ വെള്ളിയാഴ്ച പുലർച്ചെ 332 ആണ് രേഖപ്പെടുത്തിയത്. സമീപ പ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെയും അന്തരീക്ഷ വായുവിന്റെ നിലവാരം മോശമാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡൽഹിയിൽ വായുനിലവാരം വളരെ മോശമാണ്. ഞായറാഴ്ചവരെയെങ്കിലും ഈ സ്ഥിതി തുടരുമെന്നാണു റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ഡൽഹി നഗരത്തിലെ സ്കൂളുകൾ, കോളജുകൾ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ അടച്ചിരുന്നു. അവശ്യ സാധനങ്ങൾ അടങ്ങുന്ന ട്രക്കുകൾക്ക് മാത്രമേ ഡൽഹിയിലേക്ക് പ്രവേശനമുള്ളു.
പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴക്കമുള്ള ഒരു വാഹനങ്ങളും നിരത്തിലൂടെ ഓടാൻ പാടില്ല. വാഹനങ്ങൾ കർശനമായും പുക പരിശോധന നടത്തണം. അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ഡീസൽ ജനേറേറ്റർ സെറ്റുകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.
ഞായറാഴ്ചയ്ക്കു ശേഷം ശക്തമായ കാറ്റു വീശുന്നതോടെ വായുവിന്റെ നിലവാരം മെച്ചപ്പെട്ടു തുടങ്ങുമെന്ന് ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം (ഐഎംഡി) ഉദ്യോഗസ്ഥർ പറയുന്നു.