കർണാടകയിൽ കോവിഡിെൻറ പുതിയ ഡെൽറ്റ വൈറസ് വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായതോടെ സംസ്ഥാനം അതിജാഗ്രതയിൽ. നിലവിലുള്ള രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും കോവിഡ് മാർഗനിർദേശങ്ങളും കർശനമായി നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
കോവിഡ് ഡെൽറ്റ വൈറസിെൻറ എ.വൈ 4.2 എന്ന പുതിയ വകഭേദമാണ് ഏഴു പേരിൽ സ്ഥിരീകരിച്ചത്. യു.കെയിൽ ഉൾപ്പെടെ ഇപ്പോൾ കോവിഡ് വ്യാപനത്തിനിടയാക്കിയ വൈറസ് വകഭേദമാണിത്. മൂന്നാം തരംഗമുണ്ടാകാതിരിക്കുന്നതിനായി നിരീക്ഷണവും പരിശോധനയും തുടരുന്നതിനിടെയാണ് പുതിയ ഭീഷണി.
ആളുകൾ കൂട്ടംകൂടിയുള്ള പരിപാടികളിലൂടെ കൂടുതൽ പേരിൽ വ്യാപനമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ദീപാവലി ആഘോഷത്തിന് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ദീപാവലിക്കായി പ്രത്യേക മാർഗനിർദേശവും പുറത്തിറക്കും. നേരേത്ത എ.വൈ 4.2 വകഭേദം രണ്ടു പേരിലാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ബുധനാഴ്ചയാണ് നാലു പേർക്കുകൂടി ഇത് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.