കണ്ണൂര്‍: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി 26ന് വായ്പാ മഹോത്സവം നടത്തും. ചേംബർ ഹാളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയാണ് പരിപാടിയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇരുപതോളം ബാങ്കുകള്‍ വായ്പാ മഹോത്സവത്തിന്റെ ഭാഗമാകും. വിവിധ ബാങ്കുകളുടെ പലതരം വായ്പകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ സാധിക്കും. കാര്‍ഷിക വായ്പകള്‍, സൂക്ഷ്മ-ചെറുകിട-ബിസിനസ് വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ഭവന വായ്പകള്‍, വാഹന വായ്പകള്‍ എന്നിവയ്ക്ക് പരിപാടിയില്‍ ഊന്നല്‍ നല്‍കും. കൂടാതെ മുദ്രാ വായ്പകള്‍, സര്‍ക്കാര്‍ സ്പോണ്‍സേഡ് വായ്പാ പദ്ധതികളായ പിഎംഇജിപി, എന്റെ ഗ്രാമം, അഗ്രികള്‍ച്ചര്‍ ഇന്ഫ്രോസ്ട്രെക്ച്ചര് ഫണ്ട്, തെരുവോര കച്ചവടക്കാര്‍ക്കുള്ള വായ്പകള്‍,എന്നിവയെ കുറിച്ചും പിഎം സുരക്ഷ ഭീമ യോജന, പിഎം ജീവന് ജ്യോതി ഭീമാ യോജന, അടല്‍ പെന്ഷന് യോജന, സുകന്യ സമൃദ്ധി യോജന എന്നിവയെക്കുറിച്ച് അറിയാനും അതിനുള്ള അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഡിജിറ്റല്‍ ബാങ്കിംഗ് ഉത്പന്നങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ തീര്‍ക്കാനും അത് ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാനും അവസരം വിനിയോഗിക്കാം. പത്രസമ്മേളനത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ഫ്രോണി ജോൺ, പി.കെ. അനില്‍കുമാര്‍, പി.വി. ആനന്ദ്, ആർ.ആർ. റജി, പി.കെ. അജേഷ് എന്നിവര്‍ പങ്കെടുത്തു.