ഇരിട്ടി : അയ്യന്‍കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഏഴാംകടവില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലിനു സമാനമായ മണ്ണിടിച്ചില്‍. ഇതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലായി. വനത്തിനുള്ളിൽ ഉണ്ടായ കനത്തമഴയിലാണ് കല്ലും മണ്ണും വെള്ളവും കൂടി ഒഴുകി എത്തിയത്. സാധാരണയില്‍ ഉപരിയായി ഒഴുകിവന്ന മൂന്നിരട്ടി വെള്ളത്തിന്റെ ശക്തിയില്‍ കിഴക്കേമനക്കല്‍ ഉണ്ണി, വെള്ളാംകുഴിയില്‍ ജോസഫ്, മൂരോളില്‍ തങ്കച്ചന്‍ എന്നിവരുടെ സ്ഥലങ്ങൾ ഇടിയുകയും കല്ലും മണ്ണും കൂന കൂടുകയും ചെയ്തു .
ഏഴാംകടവ് ഗ്രാമത്തിന്റെ മുകള്‍വശത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായാണ് പ്രദേശവാസികള്‍ പറയുന്നത് . ഇവിടെ നിന്ന് കല്ലുംമണ്ണും വെള്ളവും കൂടി ഒഴുകി കിഴക്കേമനക്കല്‍ ഉണ്ണിയുടെ കൃഷി സ്ഥലവും നഷ്ടമായി. മണലംപ്ലാക്കല്‍ ജോബി ജോസിന്റെയും കപ്പലുമാക്കല്‍ ആന്റോയുടെ സ്ഥലങ്ങള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അമര്‍ന്നു പോയി. മലയില്‍ നിന്നും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഴുകിയെത്തിയ ചെളിയും മണ്ണും റോഡില്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഏഴാംകടവ് ഉരുപ്പുംകുറ്റി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കോണ്‍ഗ്രീറ്റ് ഓവുചാലും തകര്‍ന്നു.
നാലു ദിവസം ശക്തമായ മഴ ഉണ്ടാകുമെന്നു മുന്നറിയിപ്പ് വന്നതോടെ മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. നേരത്തെ അയ്യന്‍കുന്ന് പഞ്ചായത്തിന്റെ കുന്നിന്‍ പ്രദേശങ്ങളില്‍ വലിയതോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇതാണ് ഭീതിക്ക് കാരണമാകുന്നത് . ഏഴാംകടവില്‍ ഉരുപ്പുംകുറ്റി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോബിന്‍ വലിയപറമ്പിലിന്റെ നേതൃത്വത്തില്‍ കെസിവൈഎം പ്രവര്‍ത്തകരും പ്രദേശവാസികളും ചേര്‍ന്ന് ഇടിഞ്ഞുവീണ മണ്ണ് നീക്കിയിട്ടുണ്ടെങ്കിലും ഭീതി തുടരുകയാണ്. ശ്രമദാനത്തിന് സജി കല്ലടത്താഴെ, ജോയല്‍ മേനാച്ചേരി, ജുബിന്‍ കളത്തില്‍, അബിന്‍ ഓലിക്കല്‍, ബാബു മടത്തേട്ട്, കുഞ്ഞുമോന്‍ ചരുവിള, തങ്കച്ചന്‍ മൂരോളിയില്‍, ജോബി ജോസ്, ലിന്റോ വെള്ളാംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.