• Home
  • Kerala
  • 3 മണിക്കൂർ; എയർ ഇന്ത്യയെ ഏറ്റെടുത്ത തുക തിരിച്ചുപിടിച്ച് ടാറ്റ; നിക്ഷേപകരും ‘സമ്പന്നർ’.
Kerala

3 മണിക്കൂർ; എയർ ഇന്ത്യയെ ഏറ്റെടുത്ത തുക തിരിച്ചുപിടിച്ച് ടാറ്റ; നിക്ഷേപകരും ‘സമ്പന്നർ’.

എയർ ഇന്ത്യയെ ഏറ്റെടുത്ത തുക മൂന്നു മണിക്കൂർ കൊണ്ട് ടാറ്റ തിരിച്ചുപിടിച്ചു! 18,000 കോടി രൂപയ്ക്കാണ് ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കിയത്. എന്നാൽ ഓഹരി വിപണിയിലെ ടാറ്റ സ്റ്റോക്കുകളുടെ മൂന്നു മണിക്കൂർ നേരത്തെ മിന്നും പ്രകടനം കൊണ്ട് ആ തുക ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കി. ടാറ്റ സ്റ്റോക്കുകളുടെ മൂല്യത്തിലുണ്ടായ വർധനവാണ് ഇതിനു പിന്നിൽ. ഒക്ടോബറിൽ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തിലുണ്ടായ ഉയർച്ച നിക്ഷേപകരുടെ സമ്പത്തും വലിയതോതിൽ വർധിപ്പിച്ചു.

മിന്നും ടാറ്റ

കഴിഞ്ഞ ബുധനാഴ്ചയിലെ (ഒക്ടോബർ 13) വ്യാപാരത്തിനിടെയുള്ള മൂന്നു മണിക്കൂറുകൊണ്ടാണ് ടാറ്റയുടെ മൂല്യത്തിൽ ഈ നേട്ടം കൈവരിച്ചതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെല്ലാം ടാറ്റ ഓഹരികൾ നടത്തിയത് അസാധാരണ കുതിപ്പായിരുന്നു. ബുധനാഴ്ച വ്യാപാരം തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയിലുണ്ടായ വർധന 19 ശതമാനം. ടാറ്റ പവറിന് 15 ശതമാനവും ടാറ്റ കെമിക്കൽസിന്റെ ഓഹരിക്ക് 13 ശതമാനവും നേട്ടമുണ്ടായി. ടാറ്റ ഇൻവെസ്റ്റ്മെന്റ് ഓഹരി 14 ശതമാനം, ടാറ്റ കോഫി 6 ശതമാനം, ടാറ്റ കമ്യൂണിക്കേഷൻസ് 5 ശതമാനം, ടൈറ്റൻ 4 ശതമാനം, ടാറ്റ സ്റ്റീൽ ബിഎസ്എൽ 3 ശതമാനം, ടാറ്റ സ്റ്റീൽ 3 ശതമാനം, നെൽകോ 5 ശതമാനം, ടാറ്റ മെറ്റാലിക് 3 ശതമാനം, ഇന്ത്യൻ ഹോട്ടൽ 5 ശതമാനം, ടിൻപ്ലേറ്റ് 6 ശതമാനം എന്നിങ്ങനെ ടാറ്റയുടെ ഓഹരികളെല്ലാം ചേർന്ന് മൂന്നു മണിക്കൂറിനുള്ളിൽ 18,000 കോടിയുടെ മൂല്യവർധന കമ്പനിക്കു നേടിക്കൊടുത്തു. ദിവസങ്ങളായി തുടരുന്ന ടാറ്റ ഓഹരികളുടെ കുതിപ്പിനിടെ ചെറിയ ലാഭമെടുക്കൽ സംഭവിച്ചു എന്നതൊഴിച്ചാൽ വിപണിയിൽ മിന്നും പ്രകടനമാണ് ടാറ്റയുടെ കീഴിലുള്ള വിവിധ കമ്പനികളുടെ ഓഹരികൾ നടത്തുന്നത്.

ഒക്ടോബറിന്റെ നേട്ടം

ഒക്ടോബർ മാസത്തിൽ ടാറ്റ മോട്ടോഴ്സ് ഓഹരിയിലുണ്ടായ വർധന 53 ശതമാനമാണ്. ടാറ്റ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ ഈ മാസം ഇതുവരെയുണ്ടായ വർധന 1.25 ലക്ഷം കോടി രൂപ. ഈ നേട്ടത്തിന്റെ പകുതി സംഭാവന ചെയ്തത് ടാറ്റ മോട്ടോഴ്സ് ആണ്. ബോംബെ ഓഹരി വിപണി (ബിഎസ്ഇ) സൂചികയായ സെൻസെക്സിൽ ഒക്ടോബറിൽ ഉണ്ടായത് 3 ശതമാനം നേട്ടമാണ്.

ഈ മാസം ഇതുവരെ 1971 പോയിന്റ് സെൻസെക്സ് ഉയർന്നു. ഇതു പുതിയ റെക്കോർഡ് ആണ്. കഴിഞ്ഞ ബുധനാഴ്ച മാത്രം ബിഎസ്ഇയുടെ വിപണി മൂല്യത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. ഇതിൽ 62 കോടി രൂപ ടാറ്റ ഗ്രൂപ്പ് ഓഹരികളിൽ നിന്നാണ്. വ്യാഴാഴ്ച ടാറ്റ ഓഹരികളിൽ ചെറിയ തോതിലുള്ള ലാഭമെടുപ്പു നടന്നെങ്കിലും മികച്ച ഉയരത്തിൽ തന്നെയാണ് ഓഹരികൾ. ടാറ്റ മോട്ടോഴ്സിന്റെ വില 5 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ്.

ഇ–കുതിപ്പ്

ടാറ്റ ഓഹരികളുടെ ഈ കുതിപ്പ് ഗ്രൂപ്പ് എയർ ഇന്ത്യയെ സ്വന്തമാക്കിയതുകൊണ്ട് മാത്രമല്ല, ടാറ്റയുടെ ഇ–വെഹിക്കിളിനു ലഭിച്ച വിദേശ നിക്ഷേപത്തിന്റെ കരുത്തുകൊണ്ടു കൂടിയാണ്. ഇക്വിറ്റി നിക്ഷേപകരായ ടിപിജി ക്ലീൻ ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ടാറ്റയുടെ ഇലക്ട്രിക് വെഹിക്കിൾ ബിസിനസിലേക്കു കഴിഞ്ഞ ദിവസം നടത്തിയ നിക്ഷേപം 7500 കോടി രൂപയാണ്. ഫോഡിന്റെ ഇന്ത്യയിലെ പ്ലാന്റുകൾ ടാറ്റ ഏറ്റെടുത്തേക്കുമെന്ന വാർത്തകളും ടാറ്റ ആഡംബര വാഹനമായ ജാഗ്വർ ലാൻഡ് റോവറിന്റെ വിൽപന ഉയർന്നതുമെല്ലാം ടാറ്റ ഓഹരികളുടെ കുതിപ്പിന് ഇന്ധനമേകി. ഓഹരി ഉടമകൾക്ക് ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ സ്വത്ത് നേടിക്കൊടുത്ത കമ്പനി കൂടിയാകുകയാണ് ടാറ്റ ഗ്രൂപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കാനുള്ള തീരുമാനം ടാറ്റ പവറിന്റെയും രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ–ബാറ്ററി നിർമാതാക്കളെന്ന ഖ്യാതി ടാറ്റ കെമിക്കൽസിന്റെയും ഓഹരികളുടെ ഡിമാൻഡ് ഉയർത്തി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളാണ് ടാറ്റ. 70 ശതമാനമാണ് മേഖലയിലെ കമ്പനിയുടെ വിപണി വിഹിതം. ടാറ്റ പവർ ഒരുക്കുന്ന ഇലക്ട്രിക് ചാർജിങ് സംവിധാനം രാജ്യത്തിന്റെ ഇലക്ട്രോണിക് വാഹനങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്ന വിശ്വാസവും വിപണിയിലുണ്ട്.

ഒന്നര വർഷം മുൻപ് 99 രൂപ!

വ്യാപാരത്തിനിടെ കഴിഞ്ഞ ദിവസം 530 രൂപ വരെ എത്തിയ ടാറ്റ മോട്ടോഴ്സിന്റെ ഓഹരിയുടെ വില 2020 മാർച്ചിൽ 99 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. 11 വർഷങ്ങൾക്കു ശേഷമാണ് അന്ന് ടാറ്റ മോട്ടോഴ്സ് ഓഹരിയുടെ മൂല്യം 100 രൂപയ്ക്കു താഴെ പോകുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള അടച്ചിടലുകളാണ് ടാറ്റയെയും ബാധിച്ചത്. ഡിമാൻഡും ഉൽപാദനവും കുറഞ്ഞതാണു മൂല്യ ഇടിയാനുണ്ടായ കാരണം.

Related posts

കർണാടകയിലേക്ക് കടക്കാൻ ആർടിപിസിആർ; ഇളവു നൽകിക്കൂടേ എന്ന് കോടതി.

Aswathi Kottiyoor

റോഡ് കുഴിക്കുന്ന ജലവകുപ്പിന് അത് നന്നാക്കാനും ബാധ്യത: മന്ത്രി റിയാസ്.

Aswathi Kottiyoor

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

Aswathi Kottiyoor
WordPress Image Lightbox