മട്ടന്നൂർ: കോവിഡ് ഭീതി മാറിയതിനെത്തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ സന്ദർശക ഗാലറി തുറന്നു. ദിവസവും നിരവധി പേരാണ് വിമാനത്താവളം കാണാനെത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് പ്രവേശനം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നേരത്തെ ഗാലറി അടച്ചിട്ടിരുന്നു. വിമാനത്താവളത്തിലെത്തുന്നവർക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും ഉയരുന്നതും കാണാൻ എയർസൈഡ് ഗാലറി, ഡിപ്പാർച്ചർ വിഭാഗത്തിൽ ഗാലറി എന്നിവയാണ് ഒരുക്കിയിരുന്നത്.
വിമാനങ്ങൾ ഏപ്രണിൽ നിർത്തിയിട്ടതു കാണാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം പ്രവർത്തനമാരംഭിച്ചശേഷം സന്ദർശക ഗാലറിയിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഈടാക്കിയിരുന്നു. എയർസൈഡ് ഗാലറിയിൽ 100 രൂപയും ഡിപ്പാർച്ചർ ഗാലറിയിൽ 50 രൂപയുമായിരുന്നു പ്രവേശനഫീസ്. വിദ്യാർഥികൾക്ക് ഫീസിൽ അമ്പത് ശതമാനം ഡിസ്കൗണ്ട് അനുവദിച്ചിരുന്നു.