24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഒന്നരയേക്കറില്‍ തെങ്ങുണ്ട്; എല്ലാം കുരങ്ങ് തിന്നും, തെങ്ങിന്‍ ചുവട്ടില്‍ സമരവുമായി ജോണ്‍സണ്‍.
Kerala

ഒന്നരയേക്കറില്‍ തെങ്ങുണ്ട്; എല്ലാം കുരങ്ങ് തിന്നും, തെങ്ങിന്‍ ചുവട്ടില്‍ സമരവുമായി ജോണ്‍സണ്‍.

മലബാറിന്റെ സീറ്റീഫന്‍ ഹോക്കിങ്‌സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പെരുവണ്ണാമൂഴിയിലെ ജോണ്‍സണ്‍ എന്ന ഭിന്ന ശേഷിക്കാരനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ജന്മനാ പോളിയോ ബാധിച്ച് വീല്‍ചെയറിലായിപ്പോയ ജോണ്‍സണ്‍ തന്റെ പരിമിതികളെ മാറ്റിവെച്ച് സി.എഫ്.എല്ലിനെതിരേ സമരം ചെയ്ത് പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്വന്തമായി ഉണ്ടാക്കി പ്രചരിപ്പിച്ചായിരുന്നു കേരളമാകെ ശ്രദ്ധേയനായത്. ഇതേ ജോണ്‍സണ്‍ ഒരിക്കല്‍ കൂടെ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനൊരുങ്ങുകയാണ്. സോളാര്‍ കെണിയിലൂടെ പന്നിയെ പിടികൂടി വാര്‍ത്തയില്‍ ഇടം നേടിയതിന് പിന്നാലെ തന്റെ കൃഷിയിടത്തെ അപ്പാടെ ഇല്ലാതാക്കുന്ന കുരങ്ങുകള്‍ക്കെതിരേ സമരത്തിനൊരുങ്ങുകയാണ് ഈ ഭിന്ന ശേഷിക്കാരന്‍ അതും തെങ്ങിന്‍ ചുവട്ടില്‍. എട്ടാം തീയതിയാണ് നിരാഹാര സമരമിരിക്കുന്നത്.

ഒന്നരയേക്കര്‍ സ്ഥലമുണ്ട് ജോണ്‍സണ്. അതില്‍ 45 തെങ്ങുമുണ്ട്. പക്ഷെ കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി വീട്ടില്‍ കറിവെക്കാന്‍ പോലും തേങ്ങ വില കൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് താനെന്ന് പറയുന്നു ജോണ്‍സണ്‍. കൂട്ടത്തോടെയെത്തുന്ന കുരങ്ങുകള്‍ പൂക്കല മുതല്‍ പറിച്ചെടുക്കാനായ തേങ്ങവരെ അപ്പാടെ നശിപ്പിച്ച് കളയുന്നു. നിരവധി തവണ വനപാലകരോടും മറ്റും ഇതിനൊരു പ്രശ്‌നപരിഹാരത്തിനായി ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കാതായതോടെയാണ് തെങ്ങിന്‍ ചുവട്ടില്‍ നിരാഹാര സമരത്തിന് ജോണ്‍സണ്‍ ഒരുങ്ങുന്നത്. ഇതറിയിച്ച് മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. എട്ടാം തീയതി രാവിലെ പത്ത് മണിമുതലാണ് നിരാഹാര സമരമിരിക്കുന്നത്. ഏറെ ശാരീരക പ്രശ്‌നങ്ങളുള്ള തനിക്ക് സമരത്തിന്റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദി വനംവകുപ്പിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമായിരിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.

നൂറ് കണക്കിന് കുരങ്ങുകളാണ് തന്റെ കൃഷിയിടത്തില്‍ വിലസുന്നതെന്ന് പറയുന്നു ജോണ്‍സണ്‍. തേങ്ങയ്ക്ക് പുറമെ മറ്റ് വിളകളും കുരങ്ങന്‍മാര്‍ അകത്താക്കും. എല്‍.ഇ.ഡി ബള്‍ബുകള്‍ നിര്‍മിച്ച് വരുമാനം നേടിയിരുന്ന ജോണ്‍സണേയും കോവിഡ് കാലം തളര്‍ത്തിക്കളഞ്ഞു. കൃഷിയിടത്തില്‍ നിന്ന് വരുമാനവും ലഭിക്കാതായി. ഇതോടെയാണ് സമരത്തിലേക്ക് പോവാന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്ന് പറയുന്നു ജോണ്‍സണ്‍.

പന്നിവേട്ടയും സോളാര്‍ കെണിയില്‍

കൃഷി നശിപ്പിക്കുന്ന പന്നികളെ ഏത് വിധേനയും കൊന്നൊടുക്കാനുള്ള ലൈസന്‍സും ഈയടുത്ത് ജോണ്‍സണ് ലഭിച്ചിട്ടുണ്ട്. ഈ അധികാരം ഉപയോഗിച്ച് സോളാര്‍ കെണിവച്ച്‌ കാട്ടുപന്നിയേയും ജോണ്‍സണ്‍ കഴിഞ്ഞ ദിവസം കൊന്നിട്ടുണ്ട്.

സൂര്യപ്രകാശത്തില്‍ ബാറ്ററിചാര്‍ജ് ചെയ്ത് രാത്രിയില്‍ കാട്ടുപന്നിവരുന്ന വഴിയിലാണ് സോളാര്‍ കെണി ഘടിപ്പിക്കുക. ഇലക്ട്രിക് ഷോക്കേല്‍ക്കുന്ന പന്നികള്‍ പെട്ടെന്ന് ചാവും. എന്നാല്‍ മനുഷ്യര്‍ക്ക് ഈ വോള്‍ട്ടേജ് കാര്യമായി ഏല്‍ക്കില്ല. സോളാര്‍ ഇന്‍വെര്‍ട്ടറിലെ സര്‍ക്യൂട്ടിലും മറ്റും കാര്യമായ മാറ്റം വരുത്തിയാണ് സോളാര്‍ കെണി തയ്യാറാക്കുന്നത്. ഇപ്പോള്‍ തയ്യാറാക്കിയ ഉപകരണത്തിന് 50,000 രൂപ ചെലവായി. എന്നാല്‍ കൂടുതല്‍ നിര്‍മിക്കുമ്പോള്‍ 10,000 രൂപയേ ചെലവ് വരികയുള്ളൂവെന്നും ജോണ്‍സണ്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയാല്‍ ഇത് ഉണ്ടാക്കി നല്‍കാന്‍ തയ്യാറാണെന്നും ജോണ്‍സണ്‍ പറയുന്നുണ്ട്.

Related posts

മിന്നൽ ഹർത്താൽ നാശനഷ്ടം ; കെഎസ്‌ആർടിസിയും 37 വ്യക്തികളും ക്ലെയിം പെറ്റീഷൻ നൽകി

Aswathi Kottiyoor

കുട്ടികൾക്കുള്ള കോവാക്സിൻ സെപ്റ്റംബറോടെ വിതരണത്തിന് തയ്യാറായേക്കും.

Aswathi Kottiyoor

സീ ഷെൽസിൽ കുടുങ്ങിയ മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ

Aswathi Kottiyoor
WordPress Image Lightbox