24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇന്ത്യൻ വനിതാ ടീമിന്റെ പ്രഥമ പിങ്ക് ടെസ്റ്റിൽ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി സ്മൃതി!.
Kerala

ഇന്ത്യൻ വനിതാ ടീമിന്റെ പ്രഥമ പിങ്ക് ടെസ്റ്റിൽ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി സ്മൃതി!.

പ്രഥമ ടെസ്റ്റ് സെഞ്ചുറിയുമായി ഓപ്പണർ സ്മൃതി മന്ഥന മിന്നിത്തിളങ്ങിയ മത്സരത്തിൽ ആദ്യ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഓസ്ട്രേലിയയ്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് മന്ഥന സെഞ്ചുറിയിലെത്തിയത്. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന സ്മൃതി മന്ഥന, 170 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതമാണ് കന്നി ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയത്. 74 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ് ഇന്ത്യ. പൂനം റാവത്ത് 33 റൺസോടെയും ക്യാപ്റ്റൻ മിതാലി രാജ് അഞ്ചു റൺസോടെയും ക്രീസിൽ. മന്ഥന 127 റൺസെടുത്ത് പുറത്തായി.മത്സരത്തിലാകെ 216 പന്തുകൾ നേരിട്ട സ്മൃതി 22 ഫോറുകളും ഒരു സിക്സും സഹിതമാണ് 127 റൺസെടുത്തത്. ആഷ്‍ലി ഗാർഡ്‌നറിന്റെ പന്തിൽ ടാലിയ മഗ്രോ ക്യാച്ചെടുത്താണ് സ്മൃതിയെ പുറത്താക്കിയത്. ഓപ്പണിങ് വിക്കറ്റിൽ ഷഫാലി വർമയ്‍ക്കൊപ്പം 93 റൺസ് കൂട്ടുകെട്ടു തീർത്ത സ്മൃതി, രണ്ടാം വിക്കറ്റിൽ പൂനം റാവത്തിനൊപ്പം 259 പന്തിൽ 102 റൺസും കൂട്ടിച്ചേർത്തു.

ഇതുവരെ 144 പന്തുകൾ നേരിട്ട പൂനം റാവത്ത് രണ്ടു ഫോറുകളോടെയാണ് 33 റൺസെടുത്തത്. മിതാലി 22 പന്തിൽ ഒരു ഫോറിന്റെ അകമ്പടിയോടെ അഞ്ച് റൺസെടുത്തു. 64 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്ത ഓപ്പണർ ഷഫാലി വർമ ആദ്യ ദിവസം പുറത്തായിരുന്നു.ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഇതുവരെ ഓസീസിന് യാതൊരു അവസരം നൽകാത്ത ബാറ്റിങ്ങാണ് കെട്ടഴിച്ചത്. ഓസീസ് നിരയിൽ ഇതുവരെ എട്ടു പേരാണ് പന്തെറിഞ്ഞത്. രണ്ടാം ദിനം രണ്ടാം വിക്കറ്റിൽ മന്ഥന – റാവത്ത് സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കുന്ന കാഴ്ചയോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. 142 പന്തിലാണ് ഇരുവരും 50 കടന്നത്. പിന്നാലെ 51.3 ഓവറിൽ ഇന്ത്യ 150 പിന്നിട്ടു. ഇതിനിടെ 253 പന്തിൽനിന്ന് സ്മൃതി – റാവത്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ടിലെത്തി.

മന്ഥനയെ ഗാർഡ്നർ പുറത്താക്കിയെങ്കിലും മിതാലിയെ കൂട്ടുപിടിച്ച് റാവത്ത് ഇന്ത്യയെ 200 കടത്തി. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – ഷഫാലി സഖ്യം 93 റൺസ് കൂട്ടുകെട്ട് തീർത്തിരുന്നു.
∙ മഴ ‘കളിച്ച’ ആദ്യ ദിനം

നേരത്തേ, ഒന്നാം ദിവസം മോശം കാലാവസ്ഥ മൂലം കളി നിർത്തുമ്പോൾ 44.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഓപ്പണർ സ്മൃതി മന്ഥന (80*), പൂനം റാവത്ത് (16*) എന്നിവർ ക്രീസിൽ. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ഥനയും ഷഫാലിയും തകർത്തടിച്ചതോടെ ഇന്ത്യയുടെ തുടക്കം കസറി. ഓപ്പണിങ് വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത സഖ്യം സെഞ്ചുറി കൂട്ടുകെട്ടിന്റെ വക്കിൽവച്ചാണ് പിരിഞ്ഞത്.

ഇന്ത്യൻ സ്കോർ 93ൽ നിൽക്കെ ഷഫാലിയെ പുറത്താക്കി മോളിന്യൂക്സ് ഓസ്ട്രേലിയ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഓപ്പണിങ് വിക്കറ്റിൽ 25.1 ഓവർ ക്രീസിൽനിന്നാണ് ഇരുവരും 93 റൺസ് അടിച്ചുകൂട്ടിയത്.ഷഫാലിക്കു പിന്നാലെ വൺഡൗണായി എത്തിയ പൂനം റാവത്തും ഉറച്ചുനിന്നതോടെ ഇന്ത്യ വീണ്ടും മുന്നോട്ട്. 44.1 ഓവറിൽ ഇന്ത്യ ഒന്നിന് 132 റൺസ് എന്ന നിലയിൽ നിൽക്കെ മഴയെത്തി. ഇതോടെ മത്സരം നിർത്തിവച്ചു. തുടർന്ന് നേരത്തേ ചായയ്ക്കു പിരിയാന്‍ അംപയർമാർ തീരുമാനിച്ചു. മഴ ശമിക്കാതെ വന്നതോടെ ആദ്യ ദിനത്തിലെ മത്സരം അവസാനിപ്പിച്ചതായി പിന്നാലെ പ്രഖ്യാപനമെത്തി.

Related posts

ഇന്ന് ലോക പ്രമേഹ ദിനം. ‘

Aswathi Kottiyoor

തൊഴിൽ മികവ്‌: 17 മേഖലകളിൽ 1 ലക്ഷം രൂപയുടെ പുരസ്‌കാരം

Aswathi Kottiyoor

പോ​ൽ-​ആ​പ്പി​ൽ പൂ​ട്ടി​ട്ടു; പൊ​ല്ലാ​പ്പി​ല്ലാ​തെ പോ​യി​വ​ന്ന് വീ​ട്ടു​കാ​ർ

Aswathi Kottiyoor
WordPress Image Lightbox