ഇരിട്ടി: സ്കൂൾ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനും സ്കൂളിൻ്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇടപെടണമെന്ന് സ്കൂൾ പിടിഎ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏതാനും വർഷങ്ങളായി തുടരുന്ന സ്കൂൾ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കം സ്ക്കൂളിൻ്റെ എല്ലാ വിധത്തിലുള്ള വികസന പ്രവർത്തനങ്ങളെയും പിറകോട്ട് അടിപ്പിക്കുകയും ദൈനംദിന പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും ഈ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമൊരുക്കിയ കൂട്ടായ്മകളിലൂടെ നൂറു ശതമാനം വിജയം കൈവരിക്കാനും മികച്ച അക്കാദമിക് നേട്ടമുണ്ടാക്കുന്നതിനും സാധിച്ചിട്ടുണ്ട്. എന്നാൽ മാനേജ്മെൻ്റിൻ്റെ അനാസ്ഥയും അംഗങ്ങൾ തമ്മിലുള്ള അധികാര തർക്കവും മൂലം ഈ വിദ്യാലയം നേരിടുന്നത് സമാനതകളില്ലാത്ത ഭരണ പ്രതിസന്ധിയും പ്രയാസവുമാണ്.
നിയമതർക്കം നിലനിൽക്കുന്നതിനാൽ നാഥനില്ലാതാവുകയും അറ്റകുറ്റപണി നടത്താത്ത സ്കൂൾ കെട്ടിടങ്ങൾ നാശത്തിലേക്കു നീങ്ങുകയാണ്. ക്ലാസുമുറികളിലെ ഫർണിച്ചറുകളുടെ അപര്യാപ്തതയും പ്രധാന പ്രശ്നമാണ് . ഇതിന് പുറമെ സ്ക്കൂൾ ബസ്സുകളുടെ അറ്റകുറ്റപണിക്കും ഇൻഷ്യൂറൻസ് ഉൾപ്പെടെ ലക്ഷങ്ങൾ ചിലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ലക്ഷക്കണക്കിന് രൂപ കറണ്ട് ബില്ല് കുടിശ്ശികയായി ഏതു നിമിഷവും കെ എസ് ഇ ബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിക്കുന്ന അവസ്ഥയിലാണ്.
ഇതിനു പുറമെ ഒൻപതോളം അധ്യാപകർ നിയമനാംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് 2016 മുതൽ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെയാണ് ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നത്. നവം 1 നകം സ്ക്കൂൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനു മുന്നോടിയായി സ്ക്കുളിലെ ശോചനീയാവസ്ഥ പരിഹരിച്ച് പഠനാന്തരീക്ഷം മെച്ചപ്പെട്ട താക്കണം . ക്ലാസ് മുറികളിലുൾപ്പെടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും മാനേജ്മെൻ്റ് അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾ മുൻകൈ എടുക്കണം. പ്രതിസന്ധികൾ പരിഹരിക്കപ്പെടുന്നില്ലെങ്കിൽപി ടി എ യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവുമായി രക്ഷിതാക്കൾ മുന്നോട്ട് വരാൻ നിർബന്ധിതമാകുമെന്ന് പിടിഎ ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ.പി.രാമകൃഷ്ണൻ, പി.വി.രഞ്ചിത്ത്, അബ്ദുൾ അസീസ് പാലക്കി, ലിസമ്മ വർഗ്ഗീസ്, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.