ഹരിത കേരള മിഷനും ആയുഷ് മിഷനും സംയുക്തമായി ജില്ലയിലെ തിരഞ്ഞെടുത്ത 10 ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികളില്‍ ഒരുക്കിയ ഔഷധസസ്യ ഉദ്യാനങ്ങള്‍ നാടിന് സമര്‍പ്പിച്ചു. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ ഭാഗമായാണ് ഔഷധ ഉദ്യാനങ്ങള്‍ ഒരുക്കിയത്. തെരഞ്ഞെടുത്ത സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളായ അഞ്ചരക്കണ്ടി, പാനൂര്‍, തില്ലങ്കരി, പെരളം, ശിവപുരം, പൊയിലൂര്‍, ചെമ്പിലോട്, പന്ന്യന്നൂര്‍, ഗവ.ഹോമിയോ ഡിസ്പന്‍സറികളായ മട്ടന്നൂര്‍, അഞ്ചരക്കണ്ടി എന്നിവിടങ്ങളിലാണ് ഔഷധതോട്ടങ്ങള്‍ ഒരുക്കുന്നത്. നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം, ദശപുഷ്പങ്ങള്‍ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചത്. ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയ വിവരങ്ങളും ഓരോ ചെടിയോടൊപ്പവും ഉണട്. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സഹായവും ഇതിനുണ്ട്. തുടര്‍പരിപാലനത്തിന് ഓരോ ഡിസ്പന്‍സറിയിലും പ്രത്യേക സംഘാക സമിതി രൂപീകരിച്ച് ഒരു ഉദ്യോഗസ്ഥന് ചുമതല നല്‍കി. മട്ടന്നൂര്‍ ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മറ്റിടങ്ങളില്‍ വിവിധ തദ്ദേശസ്വയംഭരണ ഭാരവാഹികള്‍ ഉദ്ഘാടനം ചെയ്തു.