25.2 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.
Kerala

ഇത് കേരളത്തിലെ പശുക്കളെ കാമധേനുക്കളാക്കുന്ന ഫാം ; മാട്ടുപ്പെട്ടിയിലെ കാളക്കൂറ്റന്മാരെ അറിയാം.

കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വരുമാനത്തിന് കരുത്തു പകരുന്നത് സങ്കരയിനം കന്നുകാലികളാണ്. പാലു കുറഞ്ഞ നാടന്‍ കന്നുകാലിയിനങ്ങളില്‍നിന്ന് വിഭിന്നമായി കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിച്ചുതുടങ്ങിയത് വിദേശ ഇനങ്ങളുടെ കടന്നുവരവോടെയായിരുന്നു. ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജേഴ്‌സി തുടങ്ങിയ വിദേശ ഇനങ്ങളും സുനന്ദിനി പോലുള്ള സങ്കരയിനങ്ങളും കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായത് മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് പ്രോജക്ടിലൂടെയാണ്.
1963ല്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌റെയും സ്വിസ് കോണ്‍ഫെഡറേഷന്‌റെയും സംയുക്ത സംരംഭമായാണ് മാട്ടുപ്പെട്ടിയില്‍ ഇന്‍ഡോ-സ്വിസ് പ്രോജക്ട് കേരള ആരംഭിക്കുന്നത്. ലക്ഷ്യം, കേരളത്തിലെ കന്നുകാലി വികസനം. പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡ് പിന്മാറിയപ്പോള്‍ പ്രോജക്ട് കേരള ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലായി. ഇവിടെ നിന്നാണ് പ്രധാനമായും കേരളത്തിലെ ക്ഷീരകര്‍ഷകരുടെ കന്നുകാലികള്‍ക്കായി ബീജശേഖരണവും വിതരണവും നടക്കുക.
ബുള്‍ സ്‌റ്റേഷന്‍, ഗുണനിലവാരമുള്ള മൂരിക്കുട്ടികളെ ഉല്‍പാദിപ്പിക്കുന്നതിനുള്ള മാതൃപശുക്കളുടെ സംരക്ഷണവും അവയുടെ പാലുല്‍പാദനവും നടക്കുന്ന ഹൈടെക് ബുള്‍ മദര്‍ ഫാം, കിടാരികള്‍ക്കായുള്ള കാഫ് സ്റ്റേഷന്‍, ഭ്രൂണമാറ്റകേന്ദ്രം, ട്രെയിനിങ് സെന്റര്‍ എന്നിങ്ങനെ അഞ്ചു ഘടകങ്ങളാണ് ഇന്‍ഡോ-സ്വിസ് പ്രോജക്ട് സ്‌റ്റേഷനിലുള്ളത്. ഇവയില്‍ ഏറെ പ്രധാനപ്പെട്ടത് ബുള്‍സ്റ്റേഷനാണ്.മൂന്ന് ഇനങ്ങളിലായി നൂറിലധികം കാളകള്‍

ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍, ജേഴ്‌സി, സുനന്ദിനി എന്നീ ഇനങ്ങളില്‍പ്പെട്ട കാളകളുടെ മികച്ച ശേഖരം ഇവിടെയുണ്ട്. മൂന്നിനങ്ങളിലായി നൂറിലധികം വിത്തുകാളകളെയാണ് ഇവിടെ പരിപാലിച്ചുവരുന്നത്. ആഴ്ചയില്‍ ആറു ദിവസവും കാളകളില്‍നിന്ന് ബീജം ശേഖരിക്കുന്നു. കാളകളെ മൂന്നു ഗ്രൂപ്പായി തിരിച്ചാണ് ബീജശേഖരണവും പരിശോധനയും പായ്ക്കിങ്ങുമെല്ലാം നടക്കുക. ഒരു കാളയില്‍നിന്ന് ആഴ്ചയില്‍ രണ്ടു തവണ ബീജം ശേഖരിക്കും. ഒരു തവണ ബീജം ശേഖരിച്ചാല്‍ രണ്ടു ദിവസത്തെ ഇടവേള.

ബീജശേഖരണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ അതിരാവിലെ ആരംഭിക്കും. രാവിലെ ഏഴു മുതല്‍ എട്ടു വരെയാണ് ബീജശേഖരണം. ബീജശേഖരണത്തിനുള്ള കാളകളെത്തന്നെ ഡമ്മികളായി നിര്‍ത്തി കാളകളില്‍ ഇണ ചേരാനുള്ള ത്വര സൃഷ്ടിക്കുന്നു. പശുവാണെന്ന് തെറ്റിദ്ധരിച്ച് ഇണചേരാന്‍ ശ്രമിക്കുമ്പോള്‍ കൃത്രിമ യോനി ഉപയോഗിച്ച് ഞൊടിയിടയില്‍ ബീജം ശേഖരിക്കും. കൃത്രിമ യോനിക്കുള്ളിലെ കോണിക്കല്‍ ടെസ്റ്റ് റ്റിയൂബിലേക്കാണ് ബീജം എത്തുന്നത്. ഒരു കാളയില്‍നിന്ന് 5 മുതല്‍ 7 മില്ലിവരെ ബീജം ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന ബീജം താപനിലയില്‍ മാറ്റം വരാതെ ഉടനടി ലാബിലെത്തിക്കുകയായി. കോണിക്കല്‍ ടെസ്റ്റ് റ്റിയൂബില്‍ കാളയുടെ വിവരങ്ങള്‍ അടങ്ങിയ സ്റ്റിക്കര്‍ പതിപ്പിച്ചാണ് ലാബിലേക്ക് മാറ്റുന്നത്. ഓരോ കാളയ്ക്കും പ്രത്യേക നമ്പര്‍ നല്‍കിയിരിക്കുന്നതിനാല്‍ ഓരോ കാളയുടെയും ശേഖരണ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ലോബോറട്ടറി അന്തരീക്ഷം 20 ഡിഗ്രി ഊഷ്മാവില്‍ ക്രമീകരിച്ചിരിക്കുന്നു.ലാബിലെത്തുന്ന ബീജം ത്വരിത പരിശോധനയിലൂടെ അണുവിമുക്തമാണെന്ന് ഉറപ്പാക്കും. എന്തെങ്കിലും പൊടിയോ ചാണകാവശിഷ്ടങ്ങളോ കണ്ടാല്‍ അവ ഒഴിവാക്കും. അതുപോലെ, അണുക്കളുടെ എണ്ണം, ചലനം എല്ലാം കൃത്യമായി നിരീക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഇവിടെയുണ്ട്. എല്ലാവിധ പരിശോധനകള്‍ക്കു ശേഷം നിശ്ചിത അളവില്‍ പ്രത്യേക ലായനി ഉപയോഗിച്ച് ബീജം നേര്‍പ്പിക്കുന്നു. ഈ സമയത്ത് 70 ശതമാനമെങ്കിലും ചലനമുള്ള ബീജമാത്രകള്‍ ഉണ്ടായിരിക്കണം. ഇതിനുശേഷം സാധാരണ താപനിലയില്‍ 20 മിനിറ്റോളം സൂക്ഷിച്ചശേഷം സ്‌ട്രോയിലേക്ക് നിറയ്ക്കുന്നു. ഫില്ലിങ്, സീലിങ്, ലേബലിങ് എല്ലാം ഒരേ സമയം നടക്കുന്നത് ഒരു ചെറിയ ഉപകരണം വഴിയാണ്.
സ്‌ട്രോകളില്‍ ബീജം നിറച്ചുകഴിഞ്ഞാല്‍ അവ കോള്‍ഡ് ചേംബറിലേക്കു മാറ്റും. ബീജമാത്രകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍വേണ്ടിയാണിത്. നാലു മുതല്‍ അഞ്ചു മണിക്കൂര്‍ വരെയുള്ള വിശ്രമത്തിനുശേഷം സ്‌ട്രോകള്‍ ക്വാറന്‌റൈന്‍ ചേംബറിലേക്കു മാറ്റും. കാളകള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒഴിവാക്കുന്നിതിനുവേണ്ടിയാണ് ഈ ക്വാറന്റൈന്‍. ഒരു മാസമാണ് ദ്രവനൈട്രജന്റെ മൈനസ് 196 ഡിഗ്രി സെല്‍ഷ്യസുള്ള ചേംബറില്‍ സ്‌ട്രോകള്‍ സൂക്ഷിക്കുന്നത്. ക്വാറന്റൈന്‍ കാലം കഴിഞ്ഞാല്‍ അവ കേരള ലൈവ്‌സ്‌റ്റോക് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ ബീജ ബാങ്കുകളിലേക്ക് എത്തും. അവിടെനിന്നാണ് കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി മൃഗാശുപത്രികളിലേക്കും ക്ഷീരസംഘങ്ങളിലേക്കും എത്തുക.
പൂര്‍ണമായും ജൈവസുരക്ഷയിലൂടെയാണ് ലബോറട്ടറിയിലെ പ്രവര്‍ത്തനങ്ങള്‍. സന്ദര്‍ശകര്‍ക്ക് ഇവിടെ പ്രവേശനമില്ല. സാങ്കേതികവിദഗ്ധരാവട്ടെ പ്രത്യേക വസ്ത്രങ്ങളും മാസ്‌കും ചെരിപ്പുകളുമൊക്കെ ധരിച്ചാണ് അകത്തേക്ക് പ്രവശിക്കുക. അതിനു മുന്‍പ് എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് ശരീരവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകളും അണുവിമുക്തമാക്കണം.
പതിനെട്ടു മാസം പ്രായം മുതലാണ് കാളക്കുട്ടികളെ ബീജശേഖരണത്തിനായി ഉപയോഗിച്ചു തുടങ്ങുക. ഈ പ്രായം മുതല്‍ 24 മാസം വരെ ട്രെയിനിങ് ഘട്ടമാണ്. പ്രത്യേക വ്യായാമവും ഇക്കാലത്ത് ഇവര്‍ക്ക് ലഭിക്കും. 10 വയസുവരെ ബുള്‍ സ്‌റ്റേഷനില്‍ ഇവര്‍ രാജാക്കന്മാരായി വാഴും. ജര്‍മനിയില്‍നിന്ന് ഒരെണ്ണത്തിന് 9 ലക്ഷം രൂപ ചെലവില്‍ എത്തിച്ച ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ മൂരിക്കുട്ടന്മാരാണ് ഈ ആണ്‍സാമ്രാജ്യത്തിലെ ഇളമുറക്കാര്‍. ട്രെയിനിങ് ഘട്ടത്തിലാണ് 18 മാസം പ്രായമുള്ള ഇവര്‍.മികച്ച കാളകളെ വാര്‍ത്തെടുക്കാന്‍ ബുള്‍ മദര്‍ ഫാം

മികച്ച കാളക്കുട്ടികളെ പുറമേനിന്ന് എത്തിക്കുന്നതിനൊപ്പം സ്വന്തമായി വളര്‍ത്തിയെടുക്കുന്നതിനുവേണ്ടിയാണ് ഹൈടെക് ബുള്‍ മദര്‍ ഫാം 2012ല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. മികച്ച പാലുല്‍പാദനമുള്ള പശുക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് അവയിലൂടെ മികച്ച കാളക്കുട്ടികളെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുക. ബീജ സ്‌ട്രോകളില്‍ ഏറ്റവും ഒടുവിലായി രേഖപ്പെടുത്തുന്നത് ആ കാളയുടെ മാതൃപശുവിന്‌റെ വാര്‍ഷിക പാലുല്‍പാദനമാണ്. അമ്മയുടെ പാലുല്‍പാദനതന്നെ കാളകളിലൂടെ വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. അതുകൊണ്ടുതന്നെ മികച്ച പാലുല്‍പാദനശേഷിയുള്ള പശുക്കളെയാണ് ഇവിടെ സംരക്ഷിച്ചുപോരുന്നത്.

പേരുപോലെതന്നെ ഹൈടെക് ആണ് ഈ ബുള്‍ മദര്‍ ഫാം. പൂര്‍ണമായും യന്ത്ര-സെന്‍സര്‍ സാങ്കേതികവിദ്യകളിലാണ് ഇവിടുത്തെ പ്രവര്‍ത്തനം. പശുക്കളെ കെട്ടിയിടുന്ന, കുളിപ്പിക്കുന്ന രീതി ഇവിടില്ല. ശരീരം ഉരയ്ക്കുന്നതിനായി പ്രത്യേക ബ്രെഷുകള്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടണ്ട്. ആവശ്യാനുസരണം വെള്ളം കുടിക്കുന്നതിനും പ്രത്യേക സ്ഥലങ്ങള്‍ ഒരുക്കിയിരിക്കുന്നു. ദാഹം തോന്നുന്നപക്ഷം പശുക്കള്‍ ഇതിനടുത്തേക്ക് എത്തും. ചാണകവും മൂത്രവും നീക്കം ചെയ്യുന്നതിന് ഹൈഡ്രോളിക് സംവിധാനമാണ് ഉപയോഗിച്ചിടുള്ളത്. ഫാമിലെ ചാണകം പുല്‍ക്കൃഷിക്കായി ഉപയോഗിക്കും.
നമ്പറും സെന്‍സറുമൊക്കെയുള്ള വലിയൊരു മാലയും ധരിച്ചാണ് ഈ അമ്മപ്പശുക്കള്‍ ഈ ഹൈടെക് ഷെഡ്ഡില്‍ വിഹരിക്കുക. പശുക്കളെ കൃത്യമായി തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഈ സെന്‍സറും നമ്പറുകളുമെല്ലാം. കറവയുടെ സമയമായി എന്ന അറിയിപ്പു ലഭിച്ചാലുടന്‍ പശുക്കള്‍ വരിവരിയായി മില്‍ക്കിങ് സ്റ്റേഷനിലേക്ക് ചുവടു വയ്ക്കുകയായി. വരിവരിയായി കുണുങ്ങിക്കുണുങ്ങി നടന്നുനീങ്ങുന്ന പശുക്കളെ കാണാന്‍തന്നെ ഒരു പ്രത്യേക ചന്തമാണ്. പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മില്‍ക്കിങ് സ്റ്റേഷനില്‍ ഒരേസമയം 12 പശുക്കളെ കറക്കാനാവും. ഇവിടേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ ഓരോ പശുവിന്റെയും വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കപ്പെടും. ഓരോ പശുവിന്റെയും പാലുല്‍പാദനം കൃത്യമായി നിരീക്ഷിക്കപ്പെടുകയും റെക്കോര്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. കറവ കഴിഞ്ഞാല്‍ എതിര്‍ വഴിയിലൂടെ നേരെ പുറത്തേക്ക്. പുലര്‍ച്ചെ മൂന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് കറവ. മില്‍മയിലേക്കാണ് പാല്‍ പോകുക.
കിടാരികള്‍ക്കായി പ്രത്യേക താവളം

കിടാരികളെയും മൂരിക്കുട്ടന്മാരെയും വാര്‍ത്തെടുക്കുന്ന വിഭാഗമാണ് കാഫ് സ്റ്റേഷന്‍. ജനിക്കുന്ന അന്നു മുതല്‍ 4 മാസം പ്രായം വരെയാണ് ഇവിടുത്തെ പരിചരണം. ഇക്കാലയളവില്‍ 4 ഘട്ടമായി പാല്‍ നല്‍കി വീന്‍ ചെയ്‌തെടുക്കും. ജനിച്ച അന്നു മുതല്‍ 45 ദിവസം വരെ 4 ലീറ്ററും തുടര്‍ന്നുള്ള 45 ദിവസം 3 ലീറ്ററും പിന്നീടുള്ള ഒരു മാസം 15 ദിവസം വീതമുള്ള രണ്ടു ഘട്ടമാക്കി 2 ലീറ്റര്‍ 1 ലീറ്റര്‍ എന്നിങ്ങനെ പാല്‍ നല്‍കിയാണ് കാഫ് സ്റ്റേഷനില്‍നിന്ന് ഓരോ കിടാരിയും പുറത്തേക്കെത്തുക.

മൂന്നാറില്‍നിന്ന് 13 കിലോമീറ്റര്‍ മാറി കന്നുകാലി ഗ്രാമമായി നിലകൊള്ളുന്ന മാട്ടുപ്പെട്ടിയിലെ ഈ ഫാം 191 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. ക്ഷീരമേഖലയിലെ അടിസ്ഥാനങ്ങളിലൊന്നായ പുല്‍ക്കൃഷിയും ഇവിടെയുണ്ട്. കൂടാതെ, പുല്‍മേടുകളില്‍ മേയുന്ന പശുക്കള്‍ മൂന്നാര്‍-വട്ടവട പാതയില്‍ സഞ്ചാരികള്‍ക്ക് കാഴ്ചയാകാറുണ്ട്. രാവിലെ എട്ടു മുതല്‍ 11 വരെയാണ് പശുക്കള്‍ക്കും കിടാരികള്‍ക്കും പുല്‍മേടുകളില്‍ മേയാന്‍ അനുവദിച്ചിരിക്കുന്ന സമയം. നിശ്ചിത സമയം അവസാനിച്ചാല്‍ വരിവരിയായി ഷെഡ്ഡിലേക്കു യാത്രയാകും.കേരളത്തിന്‌റെ സ്വന്തം സങ്കരവര്‍ഗ കന്നുകാലിയിനമായ സുനന്ദിനി ജന്മംകൊണ്ടത് മാട്ടുപ്പെട്ടിയിലാണ്. ഹോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ എന്ന എച്ച്എഫിന്‌റെയും ജഴ്‌സിയുടെയും സ്വിസ് ബ്രൗണിന്‌റെയും സങ്കരമാണ് സുനന്ദിനി. അത്യുല്‍പാദനശേഷിയുള്ള വിദേശ ഇനങ്ങളില്‍നിന്ന് വിഭിന്നമായി കേരളത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട, മികച്ച ഉല്‍പാദനശേഷിയുള്ള ഇനവുമാണ് സുനന്ദിനി.
ഉല്‍പാദനകാലം കഴിഞ്ഞ പശുക്കളെയും കാളകളെയും പുറത്തേക്ക് ജീവനോടെ വില്‍ക്കുന്ന പതിവ് ഇവിടില്ല. അവയെ ടെന്‍ഡര്‍ ക്ഷണിച്ച് ഇറച്ചിയാക്കി വില്‍ക്കും. ഇവിടെത്തന്നെ കശാപ്പ് ചെയ്യപ്പെടുന്ന കാളയിറച്ചി പൊതുജനങ്ങള്‍ക്ക് വാങ്ങാനുള്ള അവസരമുണ്ട്. കിലോയ്ക്ക് 300 രൂപയാണ് വില. ഇറച്ചി ലഭ്യമാകുന്ന ദിവസങ്ങളില്‍ വഴിവക്കിലെ സെക്യൂരിറ്റി ക്യാബിന് സമീപം ബോര്‍ഡ് പ്രത്യക്ഷപ്പെടും. പാലും ഇത്തരത്തില്‍ ഇവിടെനിന്ന് ലഭ്യമാണ്.
നാഴൂരി പാലു മാത്രമുള്ള പശുക്കളുണ്ടായിരുന്ന കേരളത്തിലെ കന്നുകാലി സമ്പത്തിന്റെ വളര്‍ച്ചയ്ക്കു കാരണക്കാര്‍ മാട്ടുപ്പെട്ടി ഇന്‍ഡോ-സ്വിസ് പ്രോജക്ടും അതിന്റെ ശില്‍പികളുമാണ്. പ്രവര്‍ത്തനമാരംഭിച്ചിട്ട് ഏഴു പതിറ്റാണ്ടിലേക്ക് അടുക്കുമ്പോള്‍ മികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിച്ച് തിളങ്ങി നില്‍ക്കുകയാണ് ഈ ഇന്‍ഡോ-സ്വിസ് പ്രോജക്ട്, ഒപ്പം തലയുയര്‍ത്തി കെഎല്‍ഡി ബോര്‍ഡും.

Related posts

അമിത നിരക്ക്: സംസ്ഥാനാന്തര ബസുകൾ പരിശോധിക്കാൻ സ്ക്വാഡ്

Aswathi Kottiyoor

മേയ് ദിനാചരണം: ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലികൾ

Aswathi Kottiyoor

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox