24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വാക്‌സിൻ കുത്തിവെയ്‌പ്പിൽ ഇന്ത്യ പിന്നിലെന്ന്‌ ആഗോള ഏജൻസി ഫിച്ച്.
Kerala

വാക്‌സിൻ കുത്തിവെയ്‌പ്പിൽ ഇന്ത്യ പിന്നിലെന്ന്‌ ആഗോള ഏജൻസി ഫിച്ച്.

വാക്‌സിൻ കുത്തിവെയ്പ്പിൽ ഇന്ത്യ ഇപ്പോഴും ഏറെ പിന്നോക്കമാണെന്ന്‌ ആഗോള സാമ്പത്തികശേഷി നിർണയ ഏജൻസിയായ ഫിച്ച്‌ റേറ്റിങ്‌സ്‌ വിലയിരുത്തി. വാക്‌സിനേഷനിലെ മന്ദഗതിയും ജിഡിപി–കടബാധ്യതാ അനുപാതത്തിലെ വർധനവും പരിഗണിച്ച്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ നെഗറ്റീവ്‌ സാധ്യതയോടെയുള്ള ബിബിബി റേറ്റിങാണ്‌ ഫിച്ച്‌ നൽകുന്നത്‌. കഴിഞ്ഞ ജൂണിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഭദ്രമെന്ന വിലയിരുത്തലിൽ നിന്നാണ്‌ ഇപ്പോൾ നെഗറ്റീവ്‌ റേറ്റിങിലേക്ക്‌ ഫിച്ച്‌ എത്തിയിരിക്കുന്നത്‌.

ലോകവ്യാപകമായി തന്നെ സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന്‌ ഏറെ നിർണായകമാകുന്നത്‌ വാക്‌സിനേഷൻ വേഗമാണെന്ന്‌ ഗ്ലോബൽ സോവറിൻ കോൺഫറൻസിൽ സംസാരിക്കവെ ഫിച്ച്‌ റേറ്റിങിന്റെ കിഴക്കൻ ഏഷ്യൻ ചുമതലയുള്ള സീനിയർ ഡയറക്ടർ സ്‌റ്റീഫൻ ഷ്വാർട്‌സ്‌ പറഞ്ഞു. ഇന്ത്യ ഇപ്പോഴും വാക്‌സിൻ കുത്തിവെയ്‌പ്പിൽ ഏറെ പിന്നിലാണ്‌. ജിഡിപിയുമായി തട്ടിക്കുമ്പോൾ കടബാധ്യത വർധിക്കുകയാണ്‌. സമ്പദ്‌വ്യവസ്ഥയുടെ ഭാവി ഏത്‌ ദിശയിലെന്ന കാര്യത്തിൽ അനിശ്‌ചിതത്വം നിലനിൽക്കുകയും ചെയ്യുന്നു–- റേറ്റിങ്‌ കുറയ്‌ക്കാൻ കാരണങ്ങളായി ഷ്വാർട്‌സ്‌ ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ആകെ വാക്‌സിൻ കുത്തിവെയ്‌പ്പ്‌ 70 കോടിയിലാണ്‌ എത്തിയിരിക്കുന്നത്‌. രണ്ടു ഡോസ്‌ വാക്‌സിൻ എടുത്തിട്ടുള്ളത്‌ 16.43 കോടി മാത്രമാണ്‌. ജനസംഖ്യയുടെ 12 ശതമാനം മാത്രമാണിത്‌. 18 വയസ്സിന്‌ മുകളിൽ പ്രായക്കാരെ മാത്രം പരിഗണിച്ചാൽ തന്നെയും രണ്ടു ഡോസ്‌ വാക്‌സിൻ 18 ശതമാനത്തിന്‌ മാത്രമാണ്‌ ലഭിച്ചിരിക്കുന്നത്‌. ആഗോളതലത്തിൽ ആകെ ജനസംഖ്യയുടെ 28.4 ശതമാനം രണ്ടു ഡോസ്‌ വാക്‌സിൻ എടുത്തപ്പോഴാണ്‌ ഇന്ത്യ 12 ശതമാനത്തിൽ മാത്രം എത്തിനിൽക്കുന്നത്‌.

സംസ്ഥാനങ്ങൾക്ക്‌ 69.5 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെയായി കൈമാറിയിട്ടുണ്ടെന്ന്‌ കേന്ദ്രം അറിയിച്ചു. 5.31 കോടി ഡോസ്‌ ശേഷിക്കുന്നുണ്ട്‌. 78 ലക്ഷം ഡോസ്‌ കൂടി ഉടൻ കൈമാറുമെന്നും കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 31222 കേസുകൾ കൂടി റിപ്പോർട്ടുചെയ്‌തു. 290 പേർ കൂടി കോവിഡ്‌ ബാധിച്ച്‌ മരിച്ചു. 3.92 ലക്ഷം പേർ ചികിൽസയിലുണ്ട്‌. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ 2.05 ശതമാനമാണ്‌.

Related posts

മാ​ധ്യ​മനി​യ​ന്ത്ര​ണ ബി​ൽ എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം തേ​ടാൻ തീരുമാനം

Aswathi Kottiyoor

പഴയ സർക്കാർ വാഹനങ്ങൾ പൊളിക്കേണ്ടിവരും; കരടുവിജ്ഞാപനം കേന്ദ്രം പ്രസിദ്ധീകരിച്ചു

Aswathi Kottiyoor

കൊച്ചിയില്‍നിന്ന്‌ വിയറ്റ്നാമിലേക്ക് നേരിട്ടു പറക്കാം ; പൂർവേഷ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ

Aswathi Kottiyoor
WordPress Image Lightbox