22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിൽ ആയുസ്സ്‌ കൂടി , പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞു ; ജനസംഖ്യാപരമായ മാറ്റം പ്രകടം.
Kerala

കേരളത്തിൽ ആയുസ്സ്‌ കൂടി , പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞു ; ജനസംഖ്യാപരമായ മാറ്റം പ്രകടം.

മരണനിരക്കിനേക്കാൾ പ്രത്യുൽപ്പാദന നിരക്ക്‌ കുറഞ്ഞതും ശരാശരി ആയുസ്സിലുണ്ടായ വർധനയും കേരളസമൂഹത്തിൽ ജനസംഖ്യാപരമായ മാറ്റം (ഡെമൊഗ്രാഫിക്‌ ട്രാൻസിഷൻ) ഉണ്ടാക്കിയതായി പഠനം. ഇതേ അവസ്ഥയിൽ വികസിത ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലെ കുടുംബബന്ധങ്ങളിലും മൂല്യങ്ങളിലുമുണ്ടായ മാറ്റം അതേപടി കേരളത്തിൽ പ്രകടമായിട്ടില്ലെന്ന്‌ കൊച്ചി കേന്ദ്രമായ സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്‌ ആൻഡ്‌ എൻവയോൺമെന്റൽ സ്‌റ്റഡീസ്‌ (സിഎസ്‌ഇഎസ്‌) നടത്തിയ പഠനം വ്യക്തമാക്കുന്നു.

സംസ്ഥാനം സ്വീകരിക്കുന്ന നയങ്ങളാകും തുടർമാറ്റങ്ങൾ തീരുമാനിക്കുന്നതെന്നും സിഎസ്ഇഎസിലെ അസോസിയറ്റ് ഫെലോ ഡോ. ബൈശാലി ഗോസ്വാമി നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. 1971ൽ ഒരു സ്ത്രീക്ക് നാലു കുട്ടികളെന്നതായിരുന്നു കേരളത്തിലെ പ്രത്യുൽപ്പാദന നിരക്ക്‌. 1988 ആയപ്പോൾ രണ്ടു കുട്ടികളെന്ന നിരക്കിലായി. ഇപ്പോഴത്‌ 1.7നും 1.9നും ഇടയിലാണ്‌.

സമാന അവസ്ഥ പാശ്ചാത്യരാജ്യങ്ങളിലും ചില കിഴക്കൻ, -തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പല സാമൂഹ്യമാറ്റങ്ങൾക്കും കാരണമായിരുന്നു. വിവാഹവും പ്രസവവും നീട്ടിവയ്‌ക്കൽ, വിവാഹമോചന വർധന, അണുകുടുംബങ്ങളിലെ വിള്ളലുകൾ, വിവാഹപൂർവ സഹവാസം എന്നിവയായിരുന്നു ആ കാരണങ്ങൾ. കേരളത്തിൽ വിവാഹം കഴിക്കാതെ ഒന്നിച്ചുതാമസിക്കൽ സാധാരണമല്ലാത്തതിനാൽ വിവാഹത്തിലും വിവാഹബന്ധത്തിലൂടെയുള്ള പ്രസവത്തിലും വന്ന മാറ്റങ്ങളാണ് പ്രത്യുൽപ്പാദന നിരക്ക് കുറച്ചത്‌. വിവാഹ-, കുടുംബ സംവിധാനങ്ങൾക്ക് കേരളത്തിൽ ഇപ്പോഴും പ്രസക്തി കുറഞ്ഞിട്ടില്ല. അത്‌ രണ്ടാം ജനസംഖ്യാപരമായ മാറ്റങ്ങൾ യാഥാർഥ്യമാകുന്നത്‌ വൈകിപ്പിക്കുമെന്നും പഠനം പറയുന്നു.

മരണനിരക്ക്‌ കുറഞ്ഞെങ്കിലും മരണം 80 വയസ്സിനുമുകളിലുള്ളവരിലേക്ക് കേന്ദ്രീകരിക്കുകയെന്ന അവസ്ഥയിലേക്ക്‌ എത്തിയിട്ടില്ല. മാറ്റത്തിന്റെ ആദ്യഘട്ടത്തിൽ സാംക്രമികരോഗങ്ങളെ പ്രതിരോധിക്കുന്നതിലും ജീവിതദൈർഘ്യം കൂട്ടുന്നതിലും വിജയിച്ചു. ആയുർദൈർഘ്യം 1970––75ൽ 62 ആയിരുന്നത് 1996-–-2000ൽ 72 ആയും 2014––18ൽ 75 വയസ്സായും ഉയർന്നു.

പകരാത്ത രോഗങ്ങളിലേക്കുള്ള സ്വാഭാവിക പരിണാമവും കേരളത്തിലുണ്ടായി. 1990നും 2016നുമിടയിൽ കേരളത്തിൽ ആകെയുണ്ടായ രോഗങ്ങളുടെ നാലിൽ മൂന്നും പകരാത്ത രോഗങ്ങളാണ്‌. മരണനിരക്ക് 75 വയസ്സിനുമുകളിലേക്ക് ഉയരാൻ അതും കാരണമായി. പ്രായാധിക്യംമൂലമുള്ള മരണനിരക്ക്‌ 80 വയസ്സിനുമുകളിലേക്ക് മാറാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത്‌ പ്രായമായവരുടെ അനുപാതം കൂടുതൽ കേരളത്തിലാണ്‌. വിവിധ പ്രായത്തിലുള്ളവരെ പ്രത്യേകം പരിഗണിക്കുന്ന പുതിയ നയങ്ങളും ഇടപെടലുകളും ഉണ്ടാകുന്നത്‌ മരണത്തിന്റെ തോത്‌ 80 വയസ്സിനുമുകളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു.

Related posts

കാർഡ് വിവരങ്ങള്‍ സൂക്ഷിക്കാനാകില്ല; പകരം ടോക്കണൈസേഷന്‍: പദ്ധതി ജനുവരിയില്‍ തന്നെ.

Aswathi Kottiyoor

തൃശൂർ പൂരം മാതൃകാപരമായി നടത്താനുള്ള ഒരുക്കം പൂർണം

Aswathi Kottiyoor

സംസ്ഥാനത്ത് ചൂട് കൂടുന്നു: ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ

Aswathi Kottiyoor
WordPress Image Lightbox