കണ്ണൂർ: കർഷക ക്ഷേമനിധി ബോർഡ് വഴി നടപ്പാക്കുന്ന കർഷക പെൻഷൻ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ വൈകും. കഴിഞ്ഞ ജൂലൈയിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, രജിസ്ട്രേഷനുള്ള സോഫ്റ്റ്വേറിന്റെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകാത്ത സാഹചര്യത്തിലാണ് പദ്ധതി വൈകുന്നത്.
വരിസംഖ്യയും അപേക്ഷിക്കുന്നവരുടെ ആധാർ നമ്പർ അടക്കമുള്ള വിവരങ്ങളും ഓൺലൈൻ വഴി നൽകേണ്ടതിനാൽ സുരക്ഷാകാര്യങ്ങളിൽ ഒരു പിഴവും പാടില്ലെന്നാണ് നിർദേശം. രജിസ്ട്രേഷനുള്ള സോഫ്റ്റ്വേർ ആമസോൺ സെർവർ ഉപയോഗിച്ച് സർക്കാർ അധീനതയിലുള്ള സി-ഡിറ്റാണ് തയാറാക്കിയിരുന്നത്. രജിസ്ട്രേഷൻ ആരംഭിക്കാൻ തയാറെടുക്കുന്നതിനിടെയാണ് സോഫ്റ്റ്വേറിന് സുരക്ഷാ ഓഡിറ്റ് വേണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയത്.
തുടർന്ന് ആമസോൺ സെർവർ ഒഴിവാക്കി സ്റ്റേറ്റ് ഡാറ്റാ സെർവർ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രസ്ഥാപനമായ സി-ഡാക്കിന്റെ നേതൃത്വത്തിൽ സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കിയാലുടൻ രജിസ്ട്രേഷൻ നടപടികൾ തുടങ്ങുമെന്നും സുരക്ഷാ ഓഡിറ്റിന് രണ്ടോ മൂന്നോ മാസം വേണമെന്നും കർഷക ക്ഷേമനിധി ബോർഡ് അംഗങ്ങൾ വ്യക്തമാക്കി