24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോക്കറിലെ നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടുത്തി പുതിയ മാനദണ്ഡങ്ങൾ.
Kerala

ലോക്കറിലെ നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടുത്തി പുതിയ മാനദണ്ഡങ്ങൾ.

ബാങ്കുകളുടെ ലോക്കർ സേവനങ്ങളിൽ പുതിയ ചട്ടങ്ങൾ ഉൾപ്പെടുത്തി റിസർവ് ബാങ്ക് വിജ്ഞാപനമിറക്കി. തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക്, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥകളാണ്‌ പുതുതായി ഉൾപ്പെടുത്തിയത്. നഷ്ടപരിഹാരം ലോക്കറിന്റെ വാർഷിക വാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. 2022 ജനുവരി ഒന്നുമുതലാകും പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിലാകുക.

ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ സേവനം നൽകുന്ന ബാങ്കിന് കൈമലർത്താനാവില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച് ആറുമാസത്തിനകം മാനദണ്ഡങ്ങൾ തയ്യാറാക്കണമെന്ന് ആർ.ബി.ഐ.യോട് നിർദേശിക്കുകയുംചെയ്തു.

ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ബാധ്യതയാണെന്ന് പുതിയ വ്യവസ്ഥകളിൽ പറയുന്നു. ലോക്കർ ഇരിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളുമെടുക്കണം.

ഉപഭോക്താക്കളുമായുണ്ടാക്കുന്ന കരാറിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. ഇതിനായി പൊതുരൂപത്തിലുള്ള കരാർ മാതൃക തയ്യാറാക്കാൻ ഇന്ത്യൻ ബാങ്ക് അസോസിയേഷനോട് നിർദേശിച്ചു. നിയമപരമല്ലാത്തതും അപകടമുണ്ടാക്കുന്നതും മറ്റുമായ വസ്തുക്കൾ സൂക്ഷിക്കില്ലെന്ന് കരാറിൽ വ്യവസ്ഥവേണം. ലോക്കറിലുള്ള വസ്തുക്കളുടെ പട്ടികയോ രേഖകളോ ബാങ്കിന്റെ കൈവശമില്ലാത്ത സാഹചര്യത്തിൽ അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യരുത്.

ലോക്കർ സേവനം ഉപയോഗിക്കുന്നവർ തുടർച്ചയായി മൂന്നുവർഷം വാടക നൽകാതിരുന്നാൽ അത് ബലമായി ബാങ്കിന് തുറക്കാം. ഇങ്ങനെ തുറക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ഉപഭോക്താവിനെ അറിയിക്കണം.

വാടക മുടങ്ങിയാൽ ബാങ്കിനു നഷ്ടമുണ്ടാകാതിരിക്കാൻ മൂന്നുവർഷത്തെ വാടകത്തുകയും ബലമായി ലോക്കർ തുറക്കുന്നതിനുള്ള നിരക്കും ഉൾപ്പെടുന്ന തുക സ്ഥിരനിക്ഷേപമായി സൂക്ഷിക്കാം. നിലവിലുള്ള ഉപഭോക്താക്കളിൽനിന്ന് ഇത്തരത്തിൽ സ്ഥിരനിക്ഷേപം വേണമെന്ന് നിഷ്കർഷിക്കരുത്. ഇപ്പോഴുള്ള കരാറുകൾ പുതിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി 2023 ജനുവരി ഒന്നിനുമുമ്പായി പുതുക്കണം.

സുതാര്യമായ രീതിയിലായിരിക്കണം ലോക്കറുകൾ അനുവദിക്കേണ്ടത്. ഒഴിവുള്ള ലോക്കറുകളുടെ വിവരങ്ങൾ ബാങ്ക് ശാഖകളുടെ അടിസ്ഥാനത്തിൽ സൂക്ഷിക്കണം. അപേക്ഷകളിൽ കാത്തിരിപ്പുപട്ടികയും വേണം.

അന്വേഷണ ഏജൻസികൾക്ക് ലോക്കറിനെക്കുറിച്ച് വേഗത്തിൽ കാര്യങ്ങൾ അറിയാൻ താക്കോലിൽ ബാങ്കിന്റെയോ ബാങ്ക് ശാഖയുടെയോ കോഡ് ഉൾപ്പെടുത്തണം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ലോക്കർ ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരുകയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശിക്ക് കൈമാറാം. അതിനുകഴിഞ്ഞില്ലെങ്കിൽ സുതാര്യമായ രീതിയിൽ ഇവ ഒഴിവാക്കാമെന്നും പുതിയ മാനദണ്ഡങ്ങളിൽ നിഷ്കർഷിക്കുന്നു.

Related posts

മഴ: അടിയന്തിര രക്ഷാപ്രവർത്തനത്തിന് സജ്ജരാകാൻ പോലീസിന് നിർദ്ദേശം

Aswathi Kottiyoor

എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ചു; പെ​ട്രോ​ളി​ന് അ​ഞ്ചും ഡീ​സ​ലി​ന് 10 രൂ​പ​യും കു​റ​യും

Aswathi Kottiyoor

മണ്ണെണ്ണ വിലവർധന പരമ്പരാഗത മത്സ്യത്തൊഴിലാളികളോടുള്ള വെല്ലുവിളി; കേന്ദ്രസർക്കാർ വിലകുറക്കാൻ തയ്യാറാകണം: മന്ത്രി സജി ചെറിയാൻ

Aswathi Kottiyoor
WordPress Image Lightbox