അമേരിക്കൻ കമ്പനിയായ ജോണ്സൻ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് അനുമതി നൽകി ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകിയത്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ജോണ്സൻ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. നിലവിൽ ഇന്ത്യയിൽ അഞ്ച് ഇയുഎ വാക്സിനുകൾ ഉണ്ട്. ഇത് കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതൽ ഉണർവ് ഉണ്ടാക്കുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ എന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനമാണ് ഇന്ത്യയിൽ വാക്സിൻ വിതരണം നടത്തുക. സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിനാണിത്.
ഇന്ത്യയിൽ ജാൻസെൻ വാക്സിന്റെ പരീക്ഷണത്തിന് ജോണ്സണ് ആന്റ് ജോണ്സണ് ഏപ്രിലിൽ അനുമതി തേടിയിരുന്നു. ഈസമയത്താണ് രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ ജോണ്സണ് ആന്റ് ജോണ്സണ് വാക്സിൻ പരീക്ഷണം താത്കാലികമായി നിർത്തിവച്ചത്.