24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും
Kerala Uncategorized

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ പ്ലസ് വൺ റിവിഷനും ഇംഗ്ലീഷ് മീഡിയം ക്ലാസുകളും

പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന ‘ഫസ്റ്റ്‌ബെൽ 2.0’ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക. ആഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളു.
നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും. പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ. മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.
തമിഴ്, കന്നട മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ചു ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് നടത്തുക.
റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പല തവണ കേട്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും. വളരെയെളുപ്പം ക്യു.ആർ. കോഡ് ഉൾപ്പെടെ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകൾ കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു പൊതുപരീക്ഷകളിൽ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.
ഇംഗ്ലീഷ് മീഡിയം ക്ലാസുകളും റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.

Related posts

‘മേയർക്ക് കമ്പം കാർ ഓട്ടത്തിൽ, കെഎസ്ആർടിസിയെ ഓടിച്ച് പിടിക്കുന്നു, പക്ഷേ മാലിന്യം കാണുന്നില്ല’: വി മുരളീധരൻ

Aswathi Kottiyoor

9-ാം ക്ലാസുകാരിയെ കാണാതായ സംഭവം; പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

Aswathi Kottiyoor

കൊച്ചിയിൽ ഗൃഹോപകരണ വിൽപന സ്ഥാപനത്തിൽ തീപിടുത്തം; ഫയര്‍ഫോഴ്സെത്തി തീയണച്ചു

Aswathi Kottiyoor
WordPress Image Lightbox