23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നഗരമേഖലയിലെ കെട്ടിട നിർമാണം: അനുമതിക്ക് പുതിയ സോഫ്റ്റ്‌വെയർ.
Kerala

നഗരമേഖലയിലെ കെട്ടിട നിർമാണം: അനുമതിക്ക് പുതിയ സോഫ്റ്റ്‌വെയർ.

സംസ്ഥാനത്തെ നഗരമേഖലയിലെ മുഴുവൻ കെട്ടിടങ്ങളുടെയും നിർമാണ അപേക്ഷകൾ അംഗീകരിക്കുന്നത് ഒക്ടോബർ 2 മുതൽ സോഫ്റ്റ്‌വെയർ ആകും. നിയമപ്രകാരമല്ലാത്ത കെട്ടിട പ്ലാൻ ഉടനടി നിരസിക്കാനും പിഴവുകളില്ലാത്തത് അംഗീകരിക്കാനും ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി പുതുക്കിയ ഇന്റലിജന്റ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ് സിസ്റ്റം (ഐബിപിഎംഎസ്) തയാറായി. ഇതിന്റെ പരീക്ഷണ പ്രവർത്തനം കോഴിക്കോട് ഒഴികെ 5 കോർപറേഷനുകളിലും പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ നഗരസഭകളിലും ആരംഭിച്ചു.

3230 ചതുരശ്ര അടി വരെയുള്ള (300 ചതുരശ്ര മീറ്റർ) ലോ റിസ്ക് കെട്ടിടങ്ങളുടെ അപേക്ഷയും പ്ലാൻ സമർപ്പണവും ആണ് ആദ്യഘട്ടത്തിൽ ഇങ്ങനെ നടത്തുന്നത്. ഓഗസ്റ്റ് 15 നു ശേഷം മറ്റ് 84 നഗരസഭകളിലേക്കും വ്യാപിപ്പിക്കും. ഒക്ടോബർ 2 മുതൽ എല്ലാ വിഭാഗം കെട്ടിടങ്ങൾക്കും ബാധകമാക്കുകയാണു ലക്ഷ്യം. പഞ്ചായത്തുകളിൽ പദ്ധതി പിന്നീടു നടപ്പാക്കും. സംസ്ഥാനം സ്വന്തമായി വികസിപ്പിച്ചതാണു കോഴിക്കോട് കോർപറേഷനിൽ ഉപയോഗിക്കുന്ന ‘സുവേഗ’ സോഫ്റ്റ്‌വെയർ എന്നതിനാൽ ഇതു തൽക്കാലം മാറ്റുന്നില്ല.

മിക്ക തദ്ദേശ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ‘സങ്കേതം’ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിനു പകരം ഐബിപിഎംഎസ് കൊണ്ടുവരാനുള്ള നടപടികൾ 2018 ൽ ആരംഭിച്ചതാണ്. എന്നാൽ ഓട്ടോകാഡ് എന്ന ഡ്രോയിങ് സോഫ്റ്റ്‌വെയർ മാത്രം ഇതിൽ ഉപയോഗിക്കുന്നതിന്റെ പേരിൽ നിർമാണ മേഖലയിലെ സംഘടനകൾ എതിർത്തു. ചെലവു കൂടുതലാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സെഡ് ഡബ്ല്യു കാഡ് എന്ന സോഫ്‌റ്റ്‌വെയർ കൂടി ഐബിപിഎംഎസിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സോ‌ഫ്റ്റ്‌വെയർ ചേർക്കാനും ആലോചനയുണ്ട്. സംസ്ഥാനത്തു 2019ലും 2020 ലും കെട്ടിടനിർമാണ ചട്ടങ്ങളിൽ വന്ന ഭേദഗതികളും ഇതിൽ ഉൾപ്പെടുത്തി.

ചട്ടലംഘനം കണ്ടെത്തും; എസ്എംഎസ് അറിയിപ്പ്

നഗരമേഖലയെ സംബന്ധിച്ച കെട്ടിടനിർമാണ ചട്ടങ്ങളും പ്ലാൻ ഡ്രോയിങ് സോഫ്റ്റ്‌വെയറും സംയോജിപ്പിച്ച സംവിധാനമാണ് ഐബിപിഎംഎസ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ തന്നെ അത് ഓരോ ഘട്ടത്തിലും അംഗീകാരം നൽകും. എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ മറുപടി ലഭിക്കും. അംഗീകരിച്ച പെർമിറ്റിന്റെ പ്രിന്റൗട്ട് എടുക്കാനുമാകും. പ്ലാനിൽ പോരായ്മ ഉണ്ടെങ്കിൽ കാരണം വ്യക്തമാക്കി നിരസിക്കും. പ്ലാനിന്റെയും അപേക്ഷയുടെയും ഹാർഡ് കോപ്പി നൽകേണ്ട.

ചട്ടലംഘനമുള്ള കെട്ടിട പ്ലാൻ ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടൽ വഴി അംഗീകരിക്കപ്പെടുന്നത് ഒഴിവാകുമെന്നതിനാൽ അഴിമതി കുറയുമെന്നാണു പ്രതീക്ഷ. ലോ റിസ്ക് കെട്ടിടങ്ങൾ നിർമിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ പ്ലാനും അപേക്ഷയും സമർപ്പിച്ചാൽ 5 പ്രവൃത്തിദിനങ്ങൾ കൊണ്ടു നിർമാണ പെർമിറ്റ് നൽകുന്ന പരിഷ്കാരവും ഉൾപ്പെടുത്തും. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള അനുമതിപത്രം (എൻഒസി) ലഭിക്കുന്നത് ഇതുമായി ബന്ധിപ്പിക്കുന്നതും പരിഗണനയിലാണ്.

Related posts

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

Aswathi Kottiyoor

ആറടിയോളം നീളം, രണ്ട് വർഷത്തിലേറെ നിർമാണപ്പഴക്കം; ഭഗവൽ സിംഗിന്റെ വീട്ടിലെ അലക്കുകല്ലിനടിയിലും മൃതദേഹം

Aswathi Kottiyoor

ഖാർഗയെ പിന്തുണച്ച്‌ തരൂർ

Aswathi Kottiyoor
WordPress Image Lightbox