കൊട്ടിയൂർ: 2018, 19 വർഷങ്ങളിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും പാറയിടിച്ചിലിലും തകർന്ന കൊട്ടിയൂർ – ബോയ്സ് ടൗൺ പാൽച്ചുരം ചുരം റോഡിന്റെ പുനർനിർമാണം ആരംഭിച്ചില്ല. പാർശ്വഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിൽ സുരക്ഷാവേലി നിർമിച്ചിട്ടുമില്ല. മുളംകാലിൽ തീർത്ത താത്കാലിക സുരക്ഷാവേലി തന്നെയാണ് ഇപ്പോഴുമുള്ളത്. റോഡിന്റെ പുനർനിർമാണത്തിനായി 10 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുകയും അടിയന്തരമായി പുനർനിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നുവെങ്കിലും നടപടിയായില്ല.
വയനാട് ചുരം ഡിവിഷന് കീഴിലാണ് റോഡ്. മലയോര ഹൈവേ, എയർപോർട്ട് റോഡ് എന്നിവയുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടാനും ശിപാർശയുണ്ട്. എന്നാൽ പ്രളയം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുന്പോഴും അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ പോലും നടത്തിയിട്ടില്ല. നിത്യേന നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഈ വഴി സഞ്ചരിക്കുന്നതാണ്. വയനാട് മേഖലയിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവർ, കണ്ണൂരിലെ വിവിധ മേഖലയിലേക്ക് എത്തുന്നവർ ഏവർക്കും ആശ്രയമാണ് ഈ റോഡ്. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതോടൊപ്പം കേരള -കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.
ചരക്ക് ലോറികൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. റോഡ് പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തും സണ്ണി ജോസഫ് എംഎൽഎയും നിരന്തരം സർക്കാരിന് നിവേദനം നൽകുകയും വിവിധ മന്ത്രിമാരെ കാണുകയും ചെയ്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞവർഷം സുരക്ഷാവേലി നിർമിച്ച പൊതുമരാമത്ത് വകുപ്പ് ഈ വർഷം അനങ്ങാതിരുന്നതിനെ തുടർന്ന് പേരാവൂർ സിവിൽ ഡിഫൻസാണ് പുനർനിർമിച്ചത്. 2018-ലെ ആദ്യപ്രളയത്തിൽ ഓഗസ്റ്റ് എട്ടു മുതലാണ് പാർശ്വഭാഗങ്ങൾ ഇടിഞ്ഞും കൂറ്റൻ പാറകളും മണ്ണും വീണ് റോഡ് അപകടാവസ്ഥയിലായത്. ആദ്യഘട്ടത്തിൽ പഞ്ചായത്തും ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ആശ്രമം ജംഗ്ഷനു മുകളിലായി മലയിടി
ഞ്ഞതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചിരുന്നു. ഒരു മാസം കൊണ്ട് ജില്ല കളക്ടർ നേരിട്ട് ഇടപെട്ടാണ് തടസം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അതിനിടയിൽ തന്നെ വനം വകുപ്പ് തടസവാദവും ഉന്നയിച്ചിരുന്നു. വനഭൂമി ഇടിച്ചുവെന്നാരോപിച്ച് കരാറുകാർക്കെതിരെയും പിഡബ്ല്യുഡിക്കെതിരേയും കേസെടുക്കുകയും ചെയ്തിരുന്നു. ഇനിയും ഒരു പ്രളയം താങ്ങാനുള്ള ശേഷി ഈ ചുരം റോഡിനില്ല.