കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്ന അഞ്ച് ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടർമാരെ കൂടാതെ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
ജി.ആർ. ഗോകുൽ-പാലക്കാട്, പി.ബി. നൂഹ്- കാസർഗോഡ്, ഡോ. എസ്.കാർത്തികേയൻ-തൃശൂർ, എസ്. ഹരികിഷോർ-കോഴിക്കോട്, എസ്. സുഹാസ്- മലപ്പുറം എന്നിവരെയാണ് ഏകോപന ചുമതല നൽകി നിയമിച്ചത്. ഈ ജില്ലകളിൽ രോഗസ്ഥിരീകരണനിരക്ക് പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം.
ഈ മാസം 31 വരെ അതത് ജില്ലകളിൽ തുടരാനാണ് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുള്ളത്. നിലവിലുള്ള ചുമതലകൾ ഇവർ ഓണ്‍ലൈനായി നിർവഹിക്കും.
ആരോഗ്യ- തദ്ദേശ വകുപ്പുകളുമായി ചേർന്ന് ഈ ജില്ലകളിൽ മൈക്രോ കണ്ടെയ്ൻമെന്റ് നടപടികൾ ശക്തമാക്കാൻ കഴിഞ്ഞദിവസം ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചിരുന്നു.