റബർ ഷീറ്റും ബ്ലോക്ക് റബറും ലാറ്റക്സും ഓണ്‍ലൈനിൽ വ്യാപാരം നടത്താനുള്ള സംവിധാനം അടുത്ത മാസത്തോടെ നിലവിൽ വരുമെന്ന് റബർ ബോർഡ്. കർഷകർ, റബർ ബോർഡ് ലൈസൻസുള്ള വ്യാപാരികൾ, പ്രോസസർമാർ, കന്പനികൾ, ആർപിഎസുകൾ എന്നിവർക്ക് ഇടനിലക്കാരില്ലാതെ നേരിട്ടു വ്യാപാരം നടത്താവുന്ന എംറൂബ് എന്ന പുതിയ പ്ലാറ്റ് ഫോമാണ് റബർ ബോർഡ് വിഭാവനം ചെയ്തിരിക്കുന്നത്.
റബർ ഷീറ്റ് ഒന്നാം ഗ്രേഡ് മുതൽ അഞ്ചാം ഗ്രേഡ് വരെ ഓണ്‍ലൈനിൽ ആർക്കു വേണമെങ്കിലും വിലപേശി വിൽക്കാൻ അവസരം ലഭിക്കും. എത്ര കിലോ, ഏതു ഗ്രേഡ്, പ്രതീക്ഷിക്കുന്ന വില എന്നിവ ഓണ്‍ലൈനിൽ അപ്ലോഡ് ചെയ്യാം.
ആർപിഎസുകൾക്കും കർഷക സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കും റബർ സ്വരൂപിച്ചു നേരിട്ട് റബർ കന്പനികൾക്കോ വ്യാപാരികൾക്കോ വിൽക്കാം. അവശ്യസാഹചര്യത്തിൽ വിലപേശലിനുള്ള അവസരവുമുണ്ടാകും. വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിൽ ഡിജിറ്റൽ കരാറിനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുത്തും. ഓണ്‍ലൈൻ വ്യാപാരത്തിന്റെ അടുത്തഘട്ടത്തിൽ കപ്പ് ലംബും ഒട്ടുപാലും ഉൾപ്പെടെ റബർ ഉത്പന്നങ്ങളും ഉൾപ്പെടുത്തും.
അഹമ്മദാബാദിലുള്ള ഐ സോഴ്സിംഗ് ടെക്നോളജി എന്ന കന്പനിയാണ് റബർ ബോർഡിനുവേണ്ടി ഓണ്‍ലൈൻ പ്ലാറ്റ്ഫോം തയാറാക്കുന്നത്. കർഷകർക്കോ ഡീലർക്കോ അവരുടെ കൈവശമുള്ള റബറിന്റെ നിലവാരം സർട്ടിഫൈ ചെയ്തോ റബർ ബോർഡിന്റെ ക്വാളിറ്റി സർട്ടിഫിക്കേഷൻ വാങ്ങിയോ നിലവാരം ഉറപ്പാക്കും. ഡീലർക്കു മറ്റൊരു ഡീലറുമായോ കർഷകനു മറ്റൊരു കർഷകനുമായോ കർഷകന് നേരിട്ട് കന്പനിയുമായോ വ്യാപാരം നടക്കാൻ അവസരം ലഭിക്കും. നാട്ടിൻപുറത്തെ ഡീലറെ സമീപിക്കാതെ ഏതു തലത്തിലും കർഷകർക്ക് ചരക്ക് വിൽക്കാനാകും. ചെറിയ അളവിലുള്ള വില്പനയും വാങ്ങലും പ്രായോഗികമല്ലാത്തതിനാൽ മിനിമം തൂക്കം ഉറപ്പാക്കും.