ഇരിട്ടി : ആറളം ഫാമിൽ നിന്നും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിവിടുന്നതിനിടെ കാട്ടിലേക്ക് കയറ്റിവിട്ടവയിൽ ഒരു കൂട്ടം ആനകൾ വീണ്ടും ഫാമിലേക്ക് തിരികെയെത്തി. ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ 2സ്ഥലത്തെ ആന മതിൽ തകർത്താണ് ആനകൾ ഫാമിലേക്ക് തിരികെയെത്തിയത്. മൂന്നാം ദിവസവും വനം വകുപ്പധികൃതരുടെ നേതൃത്വത്തിൽ ഫാമിൽ ആനകളെ തുരത്താനുള്ള ശ്രമം തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ മുതലാണ് ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടങ്ങളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം ആരംഭിച്ചത്. ആദ്യദിവസം പത്താനകളെയും ചൊവ്വാഴ്ച 14 എണ്ണത്തെയും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ കാട്ടിലേക്ക് തിരിച്ചയച്ചു. ഇതിനിടെയാണ് വനത്തിലേക്ക് കയറ്റിവിട്ട ആനകളിൽ ഒരു കൂട്ടം ആനകൾ വീണ്ടും ഫാമിലേക്ക് തിരിച്ചു കയറിയത്. ഒൻപതാം ബ്ലോക്കിലെ രണ്ട് സ്ഥലത്ത് കരിങ്കല്ലിൽ പണിത ആന മതിൽ തകർത്താണ് വീണ്ടും ഫാമിലേക്ക് തിരികെയെത്തിയത് .
മൂന്നാം ദിവസമായ ബുധനാഴ്ചയും വനപാലക സംഘം ആനയെ തുരത്തൽ തുടരുകയാണ്. കാർഷിക മേഖലയിലെ ഒന്ന് രണ്ട് ബ്ലോക്കുകളിലായി തമ്പടിച്ച കാട്ടാന കൂട്ടത്തെ ഏറെ പരിശ്രമിച്ച് ഫാം സ്കൂളിന് സമീപം വരെ എത്തിച്ചെങ്കിലും വീണ്ടും ഇവ തിരികെ ഓടി . ഫാമിൽ മാത്രം 30 ൽ അധികം ആനകൾ ഉണ്ടന്നാണ് കണക്കാക്കുന്നത്. ആറളം, കൊട്ടിയൂർ റെയ്ഞ്ചുകളിലെ ആർ ആർ ടി യും , ഫാം ജീവനക്കാരും ഉൾപ്പെടെ 90 പേരാണ് ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
മുൻപ് തകർത്ത ആന മതിലും , ഫെൻസിംഗും പുനസ്ഥാപിച്ചാണ് ആനകളെ വനത്തിലേക്ക് കടത്തിവിടാനുള്ള നടപടി ആരംഭിച്ചത്. എന്നാൽ വീണ്ടും ഇവ ആനകൾ തകർക്കുന്നത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ആറളം ഫാമിലെ കാർഷികമേഖലക്ക് കനത്ത നാശമാണ് കാട്ടാനകൾ വരുത്തിക്കൊണ്ടിരിക്കുന്നത് . കാർഷിക വിളകളിൽ ഭൂരിഭാഗവും കാട്ടാനകൾ നശിപ്പിച്ചു കഴിഞ്ഞു. അയ്യായിരത്തിലേറെ കായ്‌ഫലമുള്ള തെങ്ങുകൾ ആനക്കൂട്ടം കുത്തിമറിച്ചിട്ട് നശിപ്പിച്ചതായാണ് കണക്ക്. സമീപ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രത്തിലും കാട്ടാന ശല്യം രൂക്ഷമായതോടെയാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 8 മനുഷ്യ ജീവനുകളും ഇവിടെ പൊലിഞ്ഞിട്ടുണ്ട്. ഫാമിൽ തമ്പടിച്ച മുഴുവൻ ആനകളെയും വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമം വരും ദിവസങ്ങളിലും തുടരാനാണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം.