22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ തിൻമകൾക്കെതിരെ ബോധവൽക്കരണം നടത്തും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
Kerala

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സാമൂഹ്യ തിൻമകൾക്കെതിരെ ബോധവൽക്കരണം നടത്തും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലിലുള്ള വീട് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ സന്ദർശിച്ചു. പുരോഗമന കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ദൗർഭാഗ്യകരമായ സംഭവമാണ് വിസ്മയയുടെ ജീവഹാനിയെന്ന് മന്ത്രി പറഞ്ഞു.
എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തി സംഭവത്തിന് പിറകിലുള്ള കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിന്റെ പേരിൽ ഇനിയൊരു ജീവൻ നാട്ടിൽ പൊലിയുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത നാം ഓരോരുത്തർക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗാർഹിക പീഡനങ്ങൾക്കെതിരായി ശക്തമായ ഇടപെടലുകൾ നടത്തും. സ്ത്രീധനം, സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ തുടങ്ങിയ സാമൂഹ്യതിൻമകൾക്കെതിരെ വിപുലമായ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലുമുള്ള ജാഗ്രതാസമിതികളിലൂടെ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ ഇടപെടൽ നടത്തും. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടുകൂടി അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കുകളിൽ ഏതൊരാൾക്കും സഹായത്തിനായി ബന്ധപ്പെടാമെന്നും ജില്ലാതലത്തിൽ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ സഹായം ഗാർഹികപീഡന നിയമപ്രകാരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജെന്റർ റിസോഴ്‌സ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുകയും എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമുള്ള സ്‌നേഹിത ജെന്റർ ഹെൽപ്പ് ഡസ്‌കിലൂടെ സാമൂഹ്യ തിൻമകൾക്കെതിരായ ബോധവൽക്കരണം ഊർജ്ജിതപ്പെടുത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.

Related posts

16 മണിക്കൂർ; കേരളത്തിൽ എവിടെയും കൊറിയർ

Aswathi Kottiyoor

മാനന്തേരിയിൽ വാഹനാപകടത്തിൽ ആലച്ചേരി സ്വദേശി മരിച്ചു

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox