കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയിൽ പുതിയ അധ്യായം രചിച്ച ടെലിമെഡിസിൻ സംവിധാനമായ ഇ- സഞ്ജീവനിക്ക് ഒരു വർഷം. 2020 ജൂൺ 10ന് കോവിഡ് വ്യാപനസമയത്ത് ആരംഭിച്ച ഇ-സഞ്ജീവിനി ടെലിമെഡിസിൻ സേവനങ്ങൾ ഒരു വർഷം പിന്നിടുമ്പോൾ വലിയ നേട്ടങ്ങളുമായാണ് മുന്നേറുന്നത്. ജനറൽ ഒപിയും, കോവിഡ് ഒപിയും കൂടാതെ വിവിധ തരം സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ഒപി സേവനങ്ങളും ഇപ്പോൾ ലഭ്യമാണ്.
സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 2423 ഡോക്ടർമാരാണ് ഇ-സഞ്ജീവനിയിൽ സേവനം നൽകിവരുന്നത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 1500 മുതൽ 2000 ആളുകൾ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. ഇതുവരെ 1.7 ലക്ഷത്തിലധികം പേരാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. കാത്തിരിപ്പ് സമയം പരമാവധി കുറക്കാൻ പുതിയ സംവിധാനം ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി രോഗിക്ക് ഓൺലൈൻ വഴി സൗകര്യമുള്ള സ്ഥലത്തിരുന്ന് ചികിത്സ തേടാമെന്നതാണ് ഇ-സഞ്ജീവനിയുടെ പ്രത്യേകത. ഇ-സഞ്ജീവനിയിൽ ചികിത്സ പൂർണമായും സൗജന്യമാണ്. ഒരിക്കൽ ഉപയോഗിച്ചവർ വീണ്ടും ഇസഞ്ജീവനി തന്നെയാണ് തെരഞ്ഞെടുക്കുന്നത്. ഈ പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയിൽ ലഭ്യമായ പരിശോധനകളും അതത് ആശുപത്രിനിരക്കിൽ ചെയ്യാം.
ആരോഗ്യവകുപ്പിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന സ്പെഷാലിറ്റി ഒപികൾ വിവിധ ജില്ലകളിൽനിന്നും ആരംഭിച്ചിട്ടുമുണ്ട്.