21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ഉണരാതെ സ്‌കൂള്‍ വിപണി………..
kannur

ഉണരാതെ സ്‌കൂള്‍ വിപണി………..

കണ്ണൂർ:”സ്കൂൾ തുറക്കട്ടെ… അപ്പോൾ പുത്തൻ കുടയും ബാ​ഗുമെല്ലാം വാങ്ങാം’ എന്ന രക്ഷാകർത്താക്കളുടെ നിലപാട് സ്കൂൾ വിപണിക്ക് തിരിച്ചടിയായി. കെജി ക്ലാസിലേക്കും ഒന്നാം ക്ലാസിലേക്കും പ്രവേശനം നേടിയ കുട്ടികളുടെ മാതാപിതാക്കൾ മാത്രമാണ് കുടയും ബാ​ഗും തേടി സ്കൂൾ വിപണികളിലേക്കെത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളെ ആകർഷിക്കുന്ന പ്രത്യേകതകളുള്ള ബാ​ഗും കുടയും കണ്ടെത്താനായില്ലെന്ന പരാതിയിലാണിവർ. കുടയും ബാ​ഗുമെല്ലാം വിൽപ്പനയ്ക്കെത്തിച്ചാൽ അവ വിറ്റഴിക്കാനാകില്ലെന്ന ആശങ്ക കച്ചവടക്കാർക്കുമുണ്ട്.

നോട്ടുപുസ്തകം, ബോക്സ്, പൗച്ച് പേന, പെൻസിൽ, കവർ ചെയ്യാനുള്ള പേപ്പർ എന്നിവയ്ക്കാണ് ആവശ്യക്കാരേറെയുള്ളത്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇവയ്ക്കും ആവശ്യക്കാർ കുറവാണ്. പല കുട്ടികൾക്കും സ്കൂളുകളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും നോട്ടുപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വാങ്ങിയ നോട്ടുപുസ്തകങ്ങളിലേറെയും കുട്ടികൾ ഉപയോ​ഗിച്ചിട്ടില്ലയെന്നതും നോട്ടുപുസ്തക വിൽപ്പനയ്ക്ക് തിരിച്ചടിയായി.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽമാത്രമാണ് സ്കൂൾ വിപണി സജീവമാകുന്നത്. കോട്ടയത്തുനിന്നുള്ള ചില്ലറവിൽപ്പനക്കാരാണ് ബ്രോഡ്വേയിലെ മേത്തർ ബാസറിലെ മൊത്തക്കച്ചവടക്കാരിൽനിന്ന് പഠനസാമ​ഗ്രികൾ വാങ്ങുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഭൂരിഭാ​ഗം ചില്ലറവിൽപ്പനക്കാർക്കും ഇവിടേക്കെത്താനായിട്ടില്ല. ജില്ലയിലെ ചില്ലറവിൽപ്പനക്കാരിൽ ഭൂരിഭാ​ഗവും പഠനസാമ​ഗ്രികൾ വാങ്ങാനെത്തിയിട്ടില്ല.

മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവ് നോട്ടുപുസ്തകങ്ങളാണ് ഹൈദരാബാദിൽനിന്ന് മൊത്തവിൽപ്പനകേന്ദ്രങ്ങളിലെത്തുന്നത്. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഹൈദരാബാദിൽ നോട്ടുബുക്ക് നിർമാണം നടക്കാത്തതാണ് കാരണം. വിൽപ്പനയ്ക്കെത്തിച്ച നോട്ടുപുസ്തകങ്ങൾപോലും വിറ്റുപോകുമോയെന്ന സംശയം ചില വിൽപ്പനക്കാർ പ്രകടിപ്പിക്കുമ്പോൾ വരുംദിവസങ്ങളിൽ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് മറ്റുചില കച്ചവടക്കാർ.

കടകളിൽ നേരിട്ടെത്തി പഠനസാമ​ഗ്രികൾ വാങ്ങാൻ വിമുഖത കാണിക്കുന്നവർ ഓൺലൈൻ സൈറ്റുകളിലൂടെയും സാധനങ്ങൾ വീട്ടിലേക്ക് വരുത്തുന്നുണ്ട്. ഫോണിലൂടെ ഓർഡർ ചെയ്യുന്നവർക്ക് ചില കടകളിൽനിന്ന് പഠനസാമ​ഗ്രികൾ വീട്ടിലെത്തിച്ച് നൽകുന്നുണ്ട്.

Related posts

അടിപ്പാതയും കാൻവാസ്‌ ബൈപാസിന്‌ ‘മുഖച്ചായം’

Aswathi Kottiyoor

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസുടമകള്‍.

Aswathi Kottiyoor
WordPress Image Lightbox