പ്രവാസികളുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പരും വാക്സിന്റെ പൂര്‍ണ പേരും രേഖപ്പെടുത്തണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
സൗദിയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി റഹിം പട്ടര്‍കടവനും കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് മുസ്തഫ വടക്കന്പറമ്പിലും നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവേശിക്കാന്‍ വാക്സിന് നിര്‍ബന്ധമാക്കിയതിനാല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നു രേഖപ്പെടുത്തുന്നതിനു പകരം “ഓക്സ്ഫഡ്-അസ്ട്രസെനക കോവിഡ്19 വാക്സിന് ‘എന്ന പൂര്‍ണമായ പേരുതന്നെ രേഖപ്പെടുത്തണമെന്നും ഇങ്ങനെ രേഖപ്പെടുത്താത്ത സര്‍ട്ടിഫിക്കറ്റുകള്‍ സൗദിയടക്കമുള്ള രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു ഹൈക്കോടതി നിര്‍ദേശിച്ചത്.
കോവാക്സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ലെങ്കില്‍ ഈ വാക്സിനെടുത്തവര്‍ക്കു വിദേശത്തേക്കു പോകാനാവില്ലെന്നും രാജ്യാന്തര അംഗീകാരം നേടാന്‍ നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടി ഹര്‍ജി 14ലേക്കു മാറ്റി.