45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്സിനേഷനുള്ള മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഇവർക്കു വീടുകളിൽ എത്തി അവർക്ക് വാക്സിൻ നൽകും.
ഓരോ ആരോഗ്യ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്തിട്ടുള്ള 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടേയും ഒരു പട്ടിക തയാറാക്കി അവർ വാക്സിനേഷന് തയാറാണോയെന്ന് കണ്ടെത്തണം. ഓരോ രോഗിയിൽ നിന്നും വാകിസ്നേഷനായി സമ്മതം വാങ്ങണം. ദൈനംദിന ഗൃഹ പരിചരണ പരിപാടിയിൽ ഉൾപ്പെടുത്തി ഇവരുടെ പങ്കാളിത്തം ഉറപ്പാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ സന്നദ്ധ സംഘടനകളുടെ (എൻജിഒഎസ്/സിബിഒഎസ്) പങ്കാളിത്തം ഉറപ്പാക്കാം. എഫ്എച്ച്സി, പിഎച്ച്സി ഉദ്യോഗസ്ഥർക്ക് സിഎച്ച്സി, താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം.
സർക്കാർ അംഗീകൃത നഴ്സിംഗ് യോഗ്യതയും രജിസ്ട്രേഷനുമില്ലാത്ത ജീവനക്കാർ വാക്സിൻ നൽകാൻ പാടില്ല. എങ്കിലും ഒരു കമ്യൂണിറ്റി നഴ്സിന്റെ നേതൃത്വത്തിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാം.
വാക്സിനേഷനുള്ള മറ്റെല്ലാ പ്രോട്ടോക്കോളുകളും ശരിയായി പിന്തുടരണം. കൂടുതൽ വിവരങ്ങൾക്കം ദിശ 1056, 104, 0471 2551056 എന്നീ നമ്പരുകളിലും ബന്ധപ്പെടാം.