24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റം: ജൂൺ ആദ്യം ഉത്തരവ് ഇറങ്ങും.
Kerala

പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റം: ജൂൺ ആദ്യം ഉത്തരവ് ഇറങ്ങും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 14 ജില്ലകളിലും സ്ഥലംമാറ്റി നിയമിച്ച പൊലീസ് ഓഫീസർമാരെ പഴയ സ്ഥലങ്ങളിൽ തന്നെ മാറ്റി നിയമിക്കുന്നതിനുള്ള ലിസ്റ്റ് പൊലീസ് ആസ്ഥാനത്ത് തയ്യാറായി. ജൂൺ ആദ്യവാരത്തിൽ തന്നെ പൊലീസ് ഓഫീസർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പുതിയ സർക്കാർ അധികാരമേറ്റ ഉടനെ സ്ഥലംമാറ്റം നടത്തേണ്ടിയിരുന്നതാണ്. എന്നാൽ, കൊവിഡ് വ്യാപനമാണ് ഇതിന് കാലതാമസം ഉണ്ടാക്കിയത്. കൊവിഡ് ലോക്ക് ഡൗൺ തീരുന്നതിന്റെ പിറ്റേന്ന് തന്നെ സ്ഥലം മാറ്റ ഉത്തരവ് ഇറക്കുന്നത് സംബന്ധിച്ച തയ്യാറെടുപ്പുകളാണ് പൊലീസ് ആസ്ഥാനത്ത് നടത്തിയിട്ടുള്ളത്.

ലോക്ക് ഡൗൺ തീരുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകും. സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുക്കാൻ ദിവസങ്ങൾ എടുത്താൽ കൊവിഡ് ഡ്യൂട്ടി ചെയ്യാൻ പൊലീസ് ഓഫീസർമാർ ഇല്ലാത്ത സാഹചര്യം ഉണ്ടാകും. അതിനാലാണ് ലോക്ക് ഡൗൺ തീരുന്നത് വരെ സ്ഥലംമാറ്റത്തിനായി കാത്തിരിക്കുന്നത്.

സ്ഥലംമാറ്റ ഉത്തരവ് അടക്കം തയ്യാറായിട്ടുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം ഡി.ജി.പി അതിൽ ഒപ്പ് വയ്ക്കുക മാത്രമാണ് വേണ്ടത്. ഡിവൈ.എസ്.പി.മാർ , ഇൻസ്‌പെക്ടർമാർ, എസ്.ഐ.മാർ എന്നിവരുടെ സ്ഥലം മാറ്റമാണ് നടപ്പിലാകേണ്ടത്.

ഡിവൈ.എസ്.പി, ഇൻസ്‌പെക്ടർ റാങ്കിലുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവ് പൊലീസ് ആസ്ഥാനത്ത് നിന്നും എസ്.ഐമാരുടേത് ഡി.ഐ.ജി തലത്തിലുമാണ് ഇറക്കേണ്ടത്. എസ്.ഐമാരുടെ സ്ഥലംമാറ്റ ലിസ്റ്റ് ഡി.ഐ.ജി ഓഫീസിൽ നിന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം മാറ്റിയത് കൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് മുമ്പ് ജോലി ചെയ്തിരുന്ന കാര്യാലയങ്ങളിൽ തന്നെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കേണ്ടതുണ്ട്. സാങ്കേതികമായി ഈയൊരു തടസം ഉള്ളത് കൊണ്ട് പഴയതുപോലെ പുനഃസ്ഥാപിക്കുന്ന ഉത്തരവ് ആണ് ആദ്യം ഇറങ്ങുക. അതിന് പിന്നാലെ വ്യാപകമായ അഴിച്ചുപണി നടത്തിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുന്നതിനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.

ഭരണതലത്തിലെ മാറ്റം പോലെ തന്നെ പൊലീസ് സേനയിലും വൻതോതിലുള്ള അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നുണ്ട്. പൊലീസ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സി.പി.എം നേതൃത്വം നയപരമായ തീരുമാനം കൈക്കൊണ്ട ശേഷം ജില്ലാ പൊലീസ് മേധാവിമാർ, ഡി.ഐ.ജിമാർ, ഐ.ജിമാർ അടക്കമുള്ളവരുടെ മാറ്റം ഉണ്ടാകുമെന്നാണ് സൂചന.

എസ്.പി റാങ്ക് മുതൽ മുകളിലോട്ടുള്ള ഉന്നതതല മാറ്റങ്ങൾക്ക് പൊലീസ് ഓഫീസർമാരുടെ സംഘടനയുടെ അഭിപ്രായവും സർക്കാർ തേടുമെന്നാണ് അറിയുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരേ സ്റ്റേഷനിൽ മൂന്നുവർഷത്തിലധികം ജോലി ചെയ്തിരുന്നവരെ ജനസമ്മതിയുള്ളവരാണെങ്കിലും ചട്ടപ്രകാരം പ്രകാരം സബ് ഡിവിഷൻ തലത്തിലോ ജില്ലാ തലത്തിലോ മാറ്റി നിയമിക്കാനും നീക്കമുണ്ട്. അടിക്കടിയുള്ള സ്ഥലം മാറ്റങ്ങൾ പൊലീസിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ലോക് സഭാ തിരഞ്ഞെടുപ്പ് വരെ മാറ്റമുണ്ടാകാത്ത വിധത്തിൽ പൊലീസ് നിയമനങ്ങൾ നടത്താനാണ് സർക്കാരിന്റെ ആലോചന.

Related posts

സപ്ലൈകോ ജീവനക്കാർക്ക് ഇടക്കാലാശ്വാസം

Aswathi Kottiyoor

സ്‌കൂളിലേക്ക് പോകും മുമ്പ് വാക്‌സിൻ ഉറപ്പാക്കണം: ഡിഎംഒ

Aswathi Kottiyoor

സ്പ​ർ​ശ് പദ്ധതി 13 വ​രെ

Aswathi Kottiyoor
WordPress Image Lightbox