ഇരിട്ടി : പടിയൂരിൽ വീട് കേന്ദ്രീകരിച്ച് നടനടന്നിരുന്ന വൻ വ്യാജ വാറ്റ് കേന്ദ്രം എക്സൈസും പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കണ്ടെത്തി. ഇവിടെനിന്നും 21 ലിറ്റർ ചാരായം , 1000 ലിറ്റർ വാഷ് , വാറ്റു പകരണങ്ങൾ , പത്ത് ചാക്ക് ശർക്കര എന്നിവ പിടികൂടി . ഗൃഹനാഥനെ അറസ്റ്റ് ചെയ്തു. പടിയൂർ പഞ്ചായത്തിലെ തായ്ക്കുണ്ടത്തെ ചാലങ്ങോടൻ ജനാർദ്ദനൻ (63) ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ മകൻ സി. ലിജിൽ ഓടിരക്ഷപ്പെട്ടു .
പോലീസിനും എക്സൈസിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയോടെ മട്ടന്നൂർ റേഞ്ച് എക്സൈസ് സംഘവും ഇരിക്കൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തുന്നത്.
ചാലങ്ങോടൻ ജനാർദ്ദനൻ്റെ വീടിൻ്റെ പറമ്പിൽ ഒളിപ്പിച്ച നിലയിൽ പത്തോളം വലിയ ബാരലുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ആയിരത്തിലേറെ ലിറ്റർ വാഷ് . തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനകത്തു നിന്നും 21 കുപ്പികളിലായി വിൽപ്പനക്ക് തയ്യാറാക്കി വച്ച 21 ലിറ്റർ ചാരായം പിടികൂടിയത്. ചാരായം വീടിൻ്റെ രണ്ടാം നിലയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു . വീടിന് സമീപത്തെ ഷെഡിൽ വച്ചാണ് വാറ്റ് നടന്നിരുന്നത് . ഇവിടെ നിന്നും വാറ്റിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറും ,സ്റ്റൗവും
വാറ്റുപകരണങ്ങളും കണ്ടെടുത്തു. വാറ്റുന്നതിനായി സൂക്ഷിച്ച 10 ചാക്ക് ശർക്കരയും, മുന്നൂറോളം കുപ്പികളും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ട് .
1200 ഓളം രൂപ വിലക്കാണത്രേ ഇവിടെ നിന്നും ചാരായം വിൽപ്പന നടത്തുന്നത്. കോവിഡ് കാലത്ത് മദ്യശാലകൾ അടച്ചിട്ടപ്പോൾ ഇവിടെ വലിയതോതിലുള്ള വിൽപ്പനയാണ് നടന്നു വന്നിരുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ ചാരായം ഉല്പാദിപ്പിക്കുന്ന ഒരു കേന്ദ്രം പോലെയായിരുന്നു ഇവിടുത്തെ കാഴ്ചകൾ.
വനപ്രദേശങ്ങളിലും ആളൊഴിഞ്ഞ ഉൾപ്രദേശങ്ങളിലും മറ്റുമാണ് ഇത്തരം വ്യാജവാറ്റ് കേന്ദ്രങ്ങൾ പലതും രഹസ്യമായി പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ ജനവാസ മേഖലയോട് ചേർന്ന് റോഡരികിൽത്തന്നെയുള്ള വീട്ടിൽ നടന്നുവന്ന ചാരായ വാറ്റ് കേന്ദ്രം കണ്ട് പോലീസും എക്സൈസ് ഉദ്യോഗസ്ഥരും ഞെട്ടി. വീട്ടുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തെങ്കിലും ഇതിനിടയിൽ ഓടിപ്പോയ മകൻ ലിജിലിനെ പിടികൂടാനുള്ള ശ്രമത്തിലാണ് എക്സൈസ്.
മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്റ്റർ എ .കെ. വിജേഷ്, അസി. ഇൻസ്പെക്ടർ അനു ബാബു, പ്രവൻ്റീവ് ഓഫീസർ
സുലൈമാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്, രാഖിൽ, ഹാരിസ്, സുഹൈൽ, സതീഷ് തുടങ്ങിയവരും
ഇരിക്കൂർ എസ് ഐ നിധീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് സ്ഥലത്ത് പരിശോധന നടത്തുകയും വ്യാജവാറ്റ് കേന്ദ്രം പിടികൂടുകയും ചെയ്തത് .