കോവിഡ് നിയന്ത്രണം കാര്യമായി ബാധിച്ചത് സ്വകാര്യ ബസ് ഉടമകളെ. ദീർഘദൂര ബസുകൾക്കുപുറമെ ചില റൂട്ടുകളിൽ ലോക്കൽ സർവിസുകൾ ഉണ്ടായെങ്കിലും യാത്രക്കാർ നന്നേ കുറവായിരുന്നു.
ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ബസുകളിലെ ജീവനക്കാർ പൊരിവെയിലത്തും യാത്രക്കാരെയും കാത്ത് മണിക്കൂറുകളോളം അക്ഷമരായി നിൽക്കുന്നുണ്ടായിരുന്നു. ഇന്ധനത്തിനുള്ള ചെലവുപോലും ഓടിയതിൽനിന്ന് ലഭിച്ചില്ലെന്നാണ് സ്വകാര്യ ബസുടമകളിൽ ചിലരുടെ അനുഭവം.
ഈ സാഹചര്യത്തിൽ ബുധനാഴ്ച മുതൽ സ്വകാര്യ ബസ് സർവിസ് നാമമാത്രമാകും. കുറഞ്ഞ യാത്രക്കാരുമായി നഷ്ടം സഹിച്ച് സർവിസ് നടത്താനാവില്ലെന്നാണ് ബസ് ഉടമകൾ ഒരേ സ്വരത്തിൽ പറയുന്നത്. കണ്ണൂർ, വടകര, പാനൂർ, കൂത്തുപറമ്പ്, കൊട്ടിയൂർ, ഇരിട്ടി, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ചൊവ്വാഴ്ച സ്വകാര്യ ബസുകൾ സർവിസ് നടത്തിയത്.
കെ.എസ്.ആർ.ടി.സി ബസുകളും ഒറ്റപ്പെട്ട സർവിസ് നടത്തിയെങ്കിലും അതിലും യാത്രക്കാർ കുറവായിരുന്നു. സർവിസ് നടത്താൻ അനുമതിയില്ലെന്നുപറഞ്ഞ് കൊടുവള്ളിയിൽ സ്വകാര്യ ബസുകൾ പൊലീസ് തടഞ്ഞതായും ആക്ഷേപമുണ്ട്.