പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ അടുത്തയാഴ്ച നടക്കാൻ സാധ്യത. ഇന്നുമുതൽ കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കിയതിനാലാണു സത്യപ്രതിജ്ഞ അടുത്തയാഴ്ച നടത്താൻ ആലോചിക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഇന്നു ചേർന്ന സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു.
സെക്രട്ടേറിയറ്റ് കൂടുന്നതിനു മുന്പു സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നിവർ പ്രത്യേകം യോഗം ചേർന്നു തെരഞ്ഞെടുപ്പു വിജയവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തി.
മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് പ്രാഥമിക ചർച്ച നടത്തി. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മന്ത്രിമാരെ സംബന്ധിച്ചും തീരുമാനമുണ്ടാകും.
കഴിഞ്ഞ സർക്കാരിൽ 20 മന്ത്രിമാരാണ് ഉണ്ടായിരുന്നത്. അതിൽ 13 പേരായിരുന്നു സിപിഎമ്മുകാർ. സിപിഐക്കു നാലും ജെഡിഎസ്, എൻസിപി, കോണ്ഗ്രസ്-എസ് എന്നീ പാർട്ടികൾക്ക് ഓരോ മന്ത്രിമാരും. കേരള കോണ്ഗ്രസ്-എമ്മും ലോക് താന്ത്രിക് ജനതാദളും (എൽജെഡി) പുതുതായി ഇടതുമുന്നണിയിൽ എത്തിയ പാർട്ടികളാണ്. ഇവർക്കും മന്ത്രിസ്ഥാനം നൽകണം. ഇക്കാര്യത്തിൽ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകും.
കേരള കോണ്ഗ്രസ്-ബി ക്കു മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നു സൂചനയുണ്ട്. അങ്ങനെയെങ്കിൽ സിപിഎമ്മും സിപിഐയും മന്ത്രിമാരുടെ എണ്ണം കുറയ്ക്കേണ്ടിവരും. ഡെപ്യൂട്ടി സ്പീക്കർ, ചീഫ്വിപ്പ് പദവികൾ ഇപ്പോൾ സിപിഐക്കാണ്. ജനാധിപത്യ കേരള കോണ്ഗ്രസും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.
ഇടതുമുന്നണി യോഗത്തിനു മുന്പായി ഘടകകക്ഷികൾ അവരുടെ യോഗം ചേരും. സീറ്റു ലഭിച്ച എല്ലാ പാർട്ടികളും മന്ത്രിസ്ഥാനം ആവശ്യപ്പെടുകയും ചെയ്യും.
സിപിഎം കേന്ദ്ര കമ്മിറ്റി അഗങ്ങളായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാൻ, എം.ബി. രാജേഷ്, വി.എൻ. വാസവൻ, എ.സി. മൊയ്തീൻ, വി. ശിവൻകുട്ടി എന്നിവർ മന്ത്രിമാരായേക്കും.
സിപിഐയിൽനിന്ന് ഇ.കെ. വിജയൻ, പി. പ്രസാദ്, കെ.രാജൻ, ചിറ്റയം ഗോപകുമാർ, ജി.ആർ. അനിൽ എന്നിവർക്കാണു സാധ്യത.
കേരള കോണ്ഗ്രസ്-എം രണ്ടു മന്ത്രിമാരെ ആവശ്യപ്പെടുമെന്നു സൂചനയുണ്ട്. റോഷി അഗസ്റ്റിൻ, ഡോ. എൻ. ജയരാജ് എന്നിവരാണു പരിഗണന യിൽ. മാത്യു ടി. തോമസോ കെ. കൃഷ്ണൻകുട്ടിയോ ജനതാദൾ-എസിൽനിന്നു മന്ത്രിയായേക്കും. എൽജെഡിക്കു മന്ത്രിസ്ഥാനം നൽകിയാൽ കെ.പി. മോഹനൻ മന്ത്രിയാകും. കോണ്ഗ്രസ്-എസിനു മന്ത്രിസ്ഥാനം നൽകുകയാണെങ്കിൽ രാമചന്ദ്രൻ കടന്നപ്പള്ളി വീണ്ടുമെത്തും. എൻസിപിക്കു മന്ത്രിസ്ഥാനം നൽകിയേക്കും.