സ്വർണ-ഡോളർ കടത്തുമായി ബന്ധപ്പെട്ടു ഇഡി അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ സർക്കാർ പ്രഖ്യാപിച്ച ജുഡീഷൽ അന്വേഷണ ഫയലിന്റെ കാര്യത്തിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ സമയം കഴിഞ്ഞാലുടൻ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജുഡീഷൽ അന്വേഷണ ഫയൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങിയ സാഹചര്യത്തിലാണ് ഇത്.
ആഴക്കടൽ മത്സ്യ ബന്ധന വിവാദവുമായി ബന്ധപ്പെട്ടു ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണു നടന്നത്. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഗൗരവമായ ഗൂഢാലോചനയാണു നടന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടന്നു വരികയല്ലേ. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. അന്വേഷണം പൂർത്തിയാകട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം പലയിടത്തും നടന്നു.
ബിജെപിയും യുഡിഎഫും ഇക്കാര്യത്തിൽ യോജിച്ച വിവാദമുണ്ടാക്കി. അതു പ്രതിപക്ഷമെന്ന നിലയിലായിരുന്നു. യുഡിഎഫ് നേതാക്കളുടെ ആരോപണം ബിജെപി കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് അന്വേഷിപ്പിച്ചു. എൽഡിഎഫിനെ അട്ടിമറിക്കാനായിരുന്നു ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.