27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഗെയിൽ മൂന്നാംഘട്ടം കമീഷനിങ്ങിന്‌ സജ്ജം ; ഒരുമാസത്തിനകം ഗ്യാസ്‌ നിറയ്‌ക്കൽ തുടങ്ങു……………..
Kerala

ഗെയിൽ മൂന്നാംഘട്ടം കമീഷനിങ്ങിന്‌ സജ്ജം ; ഒരുമാസത്തിനകം ഗ്യാസ്‌ നിറയ്‌ക്കൽ തുടങ്ങു……………..

കൊച്ചി:ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം കമീഷനിങ്ങിന്‌ സ‌ജ്ജമായി. നിർമാണം തിങ്കളാഴ്‌ച വൈകിട്ടോടെ പൂർത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നു. ദി പെട്രോളിയം ആൻഡ്‌ എക്‌സ്‌പ്ലോസീവ്‌സ്‌ സേഫ്‌റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാൽ മെയ്‌ അവസാനത്തോടെ പൈപ്പുലൈനിൽ ഗ്യാസ്‌ നിറച്ചുതുടങ്ങും. പാലക്കാട്‌ കൂറ്റനാടുമുതൽ വാളയാർവരെ നീളുന്ന പൈപ്പുലൈനിന്റെ (94 കിലോമീറ്റർ) സാങ്കേതിക നിർമാണമാണ്‌ തിങ്കളാഴ്‌ച വൈകിട്ടോടെ പൂർത്തിയായത്‌.

ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ്‌ ലിമിറ്റഡിനാണ്‌ ആദ്യം ഇന്ധനം നൽകുന്നത്‌. പൈപ്പുലൈനിന്റെ സുരക്ഷാപരിശോധനകൾ നടക്കുകയാണ്‌‌. ഗ്യാസ്‌ നിറയ്‌ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചുള്ള ഹൈഡ്രോ ടെസ്‌റ്റിങ്‌ ഉൾപ്പെടെയുള്ള പരിശോധനകളാണ്‌ നടത്തിയത്‌. പൈപ്പുലൈൻ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കിൽ ലീക്കുണ്ടായാൽ കണ്ടെത്താനാകും. തുടർന്ന്‌ പൈപ്പു‌ലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളഞ്ഞു. പിന്നീട്‌ കംപ്രസർ ഉപയോഗിച്ച്‌ പൈപ്പു‌ലൈൻ ഉണക്കി. പൊടിവിമുക്തമാക്കാൻ വാക്വം ഡ്രൈയിങ്ങും നടത്തി. ഇലക്‌ട്രോണിക്‌ ജോമെട്രി പിഗ്ഗിങ്‌ ഉപയോഗിച്ച്‌ കേടുപാടുകളും പരിശോധിച്ചു.

കൊച്ചിയിലെ വ്യവസായശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ആഗസ്ത്‌‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു പൈപ്പു‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചിരുന്നു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത്‌ 510 കിലോമീറ്ററാണ്‌.

സ്ഥലം ഏറ്റെടുക്കൽ, നഷ്ടപരിഹാര പാക്കേജ്‌ എന്നിങ്ങനെ എല്ലാം ഒന്നിൽനിന്ന്‌ തുടങ്ങിയാണ്‌ 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ ഗെയിൽ പൈപ്പുലൈൻ പദ്ധതി യാഥാർഥ്യമാക്കിയത്‌. രാഷ്‌ട്രീയ വെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ചായിരുന്നു പൂർത്തികരണം. വീടുകളിൽ പൈപ്പുവഴി കുറഞ്ഞ ചെലവിൽ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ്‌ പദ്ധതിയും ഇതോടെ കൂടുതൽ സ്ഥലങ്ങളിലെത്തും.

Related posts

ഏകീകൃത സിവിൽ കോഡ്: സംസ്ഥാനങ്ങൾക്കു നിയമമുണ്ടാക്കാമെന്ന് നിയമമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു……….

Aswathi Kottiyoor

പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച അച്ഛന്‌ 107 വര്‍ഷം കഠിന തടവ്

Aswathi Kottiyoor
WordPress Image Lightbox