ഇരിട്ടി: ആഴ്ചകളായി ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണം മുടങ്ങിയതോടെ എടക്കാനം പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. എടക്കാനത്തും സമീപ പ്രദേശങ്ങളായ കപ്പണക്കുന്ന്, ചേളത്തൂർ, വള്ളിയാട്, വെളിയമ്പ്ര മേഖലയിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത് . വേനൽ കടുക്കുന്നതോടെ കിണറുകൾ വറ്റിവരണ്ട് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ് ഇവ. ഈ സമയത്ത് ജനങ്ങളുടെ ഏക ആശ്രയം ജലസേചന വകുപ്പിൻ്റെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണമായിരുന്നു. ആഴ്ച്ചകളായി വിതരണം മുടങ്ങിയതോടെ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുന്ന അവസ്ഥയിലാണ്. കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളിൽ നഗര സഭയുടെ നേതൃത്വത്തിൽ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും കടുത്ത വേനൽ ചൂടിൽ വെള്ളത്തിൻ്റെ ഉപയോഗം കൂടിയതോടെ ജനങ്ങൾ ദുരിതം പേറുകയാണ്. കിലോമീറ്ററുകളോളം നടന്ന് പഴശ്ശി ജലസംഭരണിയിൽ നിന്നും പുഴയോര പ്രദേശങ്ങളിലെ കിണറുകളിൽ നിന്നും തലച്ചുമടായാണ് സ്ത്രീകളും കുട്ടികളുമടക്കം കുടിവെള്ളം ശേഖരിച്ച് വീടുകളിൽ എത്തിക്കുന്നത്. ജലസേചന വകുപ്പിന്റെ പൈപ്പ് വഴിയുള്ള കുടിവെള്ള വിതരണം അടിയന്തിരമായും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം എൽ എ സണ്ണി ജോസഫ് ബന്ധപ്പെട്ടവർക്ക് നിവേദനവും നൽകി.
previous post