ഇരിട്ടി: ജലസേചന വകുപ്പ് പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ള വിതരണം മുടങ്ങിയതോടെ എടക്കാനം, കപ്പണക്കുന്ന്, ചേളത്തൂർ, വള്ളിയാട്, വെളിയമ്പ്ര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കനത്ത ചൂടിൽ കിണറുകൾ വറ്റിവരണ്ട് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയം ജലസേചന വകുപ്പിന്റെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണമായിരുന്നു. ആഴ്ചകളായി പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണം മുടങ്ങിയതോടെ നൂറുകണക്കിന് കുടുംബങ്ങൾ കുടിനീരിനായി നെട്ടോട്ടമോടുകയാണ്. കിലോമീറ്ററുകളോളം നടന്ന് പഴശി ജലസംഭരണിയിൽ നിന്നും പുഴയോര പ്രദേശങ്ങളിലെ കിണറുകളിൽ നിന്നും തലച്ചുമടുകളായാണ് ദുർഘട പാതയിലൂടെ സ്ത്രീകളും കുട്ടികളുമടക്കം കുടിവെള്ളം ശേഖരിക്കുന്നത്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.