സൗഹൃദങ്ങളിൽ വർഗീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വിളമ്പുന്നവർക്ക് വെൺമയുള്ള മറുവിരുന്നൊരുക്കി മിൽമയും. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനും ജാനകിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മിൽമയുടെ പുതിയ പരസ്യപോസ്റ്റർ. ‘ഡാൻസ് തുടരൂ, ഉള്ളുതണുപ്പിക്കാൻ മിൽമ’ എന്ന ഹാഷ്‌ടാഗോടെ പങ്കുവച്ച ചിത്രം കേരളം ഏറ്റെടുത്തുകഴിഞ്ഞു.
ഇരുവരും നൃത്തം ചെയ്യുന്ന കാരിക്കേച്ചറിനൊപ്പം ‘നിങ്ങൾ ഹൃദയങ്ങളിൽ തീ നിറയ്‌ക്കുമ്പോൾ ഉള്ളു തണുപ്പിക്കാൻ മിൽമയുണ്ട്’ എന്ന വാചകത്തോടെയാണ് പോസ്‌റ്റർ. ‘റാ റാ റാസ്‌പുടിൻ’ എന്ന ഗാനത്തിന് മെഡിക്കൽ യൂണിഫോം ധരിച്ച് ആശുപത്രി വരാന്തയിൽ ചുവടുവയ്ക്കുന്ന ജാനകിയുടെയും നവീന്റെയും വീഡിയോ കഴിഞ്ഞ മാസമാണ് വൈറലായത്. പിന്നാലെ ദേശീയ മാധ്യമങ്ങളടക്കം അത് വാർത്തയുമാക്കി. തുടർന്ന്, ഇരുവരുടെയും മതവുമായി ബന്ധപ്പെട്ട് സംഘപരിവാർ കേന്ദ്രങ്ങൾ വർഗീയാധിക്ഷേപം ഉയർത്തി. പ്രമുഖരടക്കം നിരവധി പേർ ഇതിനെതിരെ രംഗത്തെത്തി.
വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കുകതന്നെ ചെയ്യും’ എന്ന ക്യാമ്പയിനോടെ ഇരുവരുടെയും സഹപാഠികളും അതേ ഗാനത്തിന് ചുവടുവച്ച് വീഡിയോ പങ്കുവച്ചു. കുസാറ്റ് എസ്‌എഫ്‌ഐ യൂണിറ്റ് ഇവർക്ക് ഐക്യദാർഢ്യവുമായി നൃത്തവീഡിയോ മത്സരവും സംഘടിപ്പിച്ചു. പിന്നാലെയാണ് മിൽമയും പിന്തുണയുമായി എത്തിയത്. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലും ഇരുവരുടെയും ഡാൻസിന് പിന്തുണയു ണ്ട്.