പയ്യന്നൂർ, ഉദയഗിരി: കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂർ നഗരസഭയിലും ഉദയഗിരി പഞ്ചായത്തിലും നിയന്ത്രണം കടുപ്പിക്കുന്നു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
യോഗത്തിൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി.മോഹനൻ, സുബൈർ, ഡപ്യൂട്ടി തഹസിൽദാർ രാജൻ, സിഐ, ചേംബർ ഓഫ് കോമേഴ്സ്, വ്യാപാരി വ്യവസായി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്, കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഉദയഗിരി ഗ്രാമപഞ്ചായത്ത് കോവിഡ് ജാഗ്രതാസമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ഷൈലജ വർമ, വില്ലേജ് ഓഫീസർ ടി.എ. രാജീവൻ, പി. രവീന്ദ്രൻ, കെ.ടി. സുരേഷ് കുമാർ, ബിന്ദു ഷാജു ഏറത്തേൽ, ടോമി കാടൻകാവിൽ, കെ.ആർ. രതീഷ്, വി.സി. പ്രകാശ്, വി.ടി. ചെറിയാൻ, ശശി പാറയിൽ, സി.സി. ശ്രീജിത്ത് കുമാർ, വി.ടി. ശ്രീരാജ് എന്നിവർ പ്രസംഗിച്ചു
തീരുമാനങ്ങൾ ചുവടെ
പോലീസ്,ആരോഗ്യവിഭാഗം എന്നിവയുടെ ഭാഗത്തുനിന്ന് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കുന്നുണ്ടോയെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും.
ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും വരുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. ബോധവത്കരണം നടത്തുന്നതിനായി നഗരസഭ പ്രദേശങ്ങളിൽ വാഹന അനൗൺസ്മെന്റ് നടത്തും.
പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്നത് നിരോധിക്കും. മാസ്ക് നിർബന്ധമാക്കും. അല്ലാത്തപക്ഷം പിഴയടക്കമുള്ള കർശന നിയമനടപടികൾ സ്വീകരിക്കും.
വ്യാപാരസ്ഥാപനങ്ങളിലും മറ്റ് ഓഫീസുകളിലും സാനിറ്റൈസർ ഉപഭോക്താക്കൾക്ക് നൽകേണ്ടതും സന്ദർശകരുടെ പേരുവിവരങ്ങൾ രജിസ്റ്ററുകളിൽ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുകയും ചെയ്യണം. വിവാഹാഘോഷം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ നിലവിൽ പരിമിതപ്പെടുത്തിയ ആൾക്കാർ മാത്രം പങ്കെടുക്കുകയും പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുകയും ചെയ്യണം..
വഴിയോര കച്ചവട സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരേയും മാസ്ക് ധരിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കും. ഉദയഗിരി പഞ്ചായത്തിൽ കോവിഡ് വ്യാപാനം തടയാൻ രാത്രി എഴുവരെ മാത്രം കടകൾ തുറന്നുപ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.