മദ്യപിച്ച് വാഹനമോടിക്കലും അതിവേഗതയും മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഹെല്‍മെറ്റ് ധരിക്കാതിരിക്കലുമടക്കം നിരന്തരം ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി ഗതാഗത വകുപ്പ്. പരിഷ്കരിച്ച കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച്, സംസ്ഥാന ഗതാഗത വകുപ്പുകള്‍ ഇനിമുതല്‍ അവരുടെ വെബ് പോര്‍ട്ടലുകളില്‍ ആവര്‍ത്തിച്ചുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കും.
ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിക്കുന്നത് തടയാനും ഉത്തരവാദിത്തമുള്ള ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പേര് പരസ്യപ്പെടുത്തി നാണക്കേടിലാക്കുന്ന നടപടി വകുപ്പ് കൈകൊള്ളുന്നത്. ഒരു മാസത്തിനകം കുറ്റവാളി അപ്പീലിനായി പോകുന്നില്ലെങ്കിലോ അപ്പീല്‍ അതോറിറ്റി അവരുടെ അപ്പീല്‍ നിരസിച്ചാലോ പേരുകള്‍ പരസ്യപ്പെടുത്തും.
ഗതാഗത വകുപ്പുകള്‍ അവരുടെ പോര്‍ട്ടലില്‍ “ആക്ടിന്റെ സെക്ഷന്‍ 19 ലെ ഉപവിഭാഗം (1 എ) പ്രകാരം ഡ്രൈവിങ് ലൈസന്‍സ് അസാധുവാക്കല്‍” എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗം സൃഷ്ടിക്കും, അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി അച്ചടിക്കാവുന്നതും പങ്കിടാവുന്നതുമായ പി.ഡി.എഫ് രൂപത്തില്‍ ആയിരിക്കും നല്‍കുക.
നിയമത്തിലെ പുതിയ മാറ്റങ്ങള്‍ ഓണ്‍ലൈനിലായതിനാല്‍ ആളുകള്‍ക്ക് ഗതാഗത സംബന്ധിയായ സേവനങ്ങള്‍ എളുപ്പം ലഭ്യമാക്കുന്നതിന് സൗകര്യപ്രദമാകും. അപേക്ഷ സമര്‍പ്പിക്കുന്നതും ലൈസന്‍സ് നല്‍കുന്നതും മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതും സറണ്ടര്‍ ചെയ്യുന്നതും ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതുമടക്കമുള്ള സേവനങ്ങളാണ് ലഭിക്കുക.