കോവിഡ് രണ്ടാം തരംഗം രാജ്യത്ത് കൂടുതൽ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം. കണ്ടെയ്ന്റ്മെന്റ് സോണുകൾ പുനഃക്രമീകരിച്ച് നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ നിർദേശിച്ചു. ഏപ്രിൽ മാസത്തേക്കുള്ള പുതിയ മാർഗനിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്.
കണ്ടെയ്ന്റ്മെന്റ് സോണുകൾക്ക് പുറത്ത് കടുത്ത നിയന്ത്രണങ്ങളോ ലോക്ക്ഡൗണോ പാടില്ല. എല്ലാ സംസ്ഥാനങ്ങളിലും ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ് പ്രോട്ടോക്കോൾ ഏർപ്പെടുത്തണം. സംസ്ഥാനങ്ങൾക്ക് ജില്ല, ഉപജില്ല, നഗരം, വാർഡ് എന്നി തലങ്ങളിലായി ലോക്ക്ഡൗണ്‍ ഏർപ്പെടുത്താം. സ്ഥിതിഗതികൾ ശരിയായി വിലയിരുത്തിയതിനു ശേഷമേ ഈ നടപടികളെടുക്കാവൂ.
എന്നാൽ, നിയന്ത്രണങ്ങൾ അന്തർ സംസ്ഥാന യാത്രകളെയോ ചരക്കു നീക്കത്തെയോ ബാധിക്കരുതെന്നും കേന്ദ്ര സർക്കാർ നിർദേശിക്കുന്നു.