അരൂർ എളയിടത്ത് വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയിൽ അജ്നാസ് (30) നെയാണ് നമ്പർ പ്ലേറ്റില്ലാത്ത ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്.
വെള്ളിയാഴ്ച പുലർച്ച 12.30 ഓടെയാണ് സംഭവം. വോളിബോൾ മത്സരം കഴിഞ്ഞു മടങ്ങവേ അഞ്ച് പേരടങ്ങുന്ന സംഘം അജ്നാസും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന താർ ജീപ്പ് തടഞ്ഞ് നിർത്തുകയും ടയറിന്റെ കാറ്റ് ഒഴിച്ച് വിടുകയും ചെയ്തു. തുടര്‍ന്ന് അജ്നാസിനെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും അജ്നാസിനെ ജീപ്പിൽ നിന്നിറക്കി ഇറക്കി ബലമായി അക്രമി സംഘം തട്ടികൊണ്ടുപോവുകയുമായിരുന്നു.
നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കുറ്റ്യാടി സ്വദേശിയായ യുവാവിനെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെയോടെ ഇയാളുടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തു വരുന്നു. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്കിനെക്കുറിച്ചാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രവാസി വ്യവസായിയെ തട്ടികൊണ്ടുപോയത്. പിന്നീട് ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലെ ദുരൂഹതകള്‍ നിലനില്‍ക്കെയാണ് വീണ്ടും നാദാപുരത്തെ ഞെട്ടിച്ചു മറ്റൊരു തട്ടികൊണ്ടുപോവല്‍ അരങ്ങേറിയത്.