തിരുവനന്തപുരം: കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടും സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ മുന്നിട്ട് നിന്നത് അധ്യാപകരാണ്. വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. എല്ലാ വർഷവും ഒളിമ്പിക് മോഡൽ കായികമേള നടത്തുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ആസൂത്രണം കൊണ്ടും സംഘാടനം കൊണ്ടും മികച്ച മേളയായിരുന്നു കേരള സ്കൂൾ കായികമേള കൊച്ചി ’24. സമാപന സമ്മേളനം മികച്ച നിലയിൽ മുന്നോട്ടു പോകുമ്പോഴാണ് മികച്ച സ്കൂളിന്റെ പേരിലുള്ള തർക്കം തിരുനാവായ നാവാമുകുന്ദ സ്കൂൾ ഉന്നയിക്കുന്നത്. സ്കൂളിന്റെ പ്രതിനിധിയുമായി വേദിയിൽ വച്ച് തന്നെ കുടിക്കാഴ്ച നടത്തി അവരുടെ പരാതി ഗൗരവമായി കണക്കിലെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് ചെവിക്കൊള്ളാതെയാണ് മേള അലങ്കോലമാക്കാൻ ശ്രമം നടന്നത്. പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് നവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലം ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.
ഒരു അപശബ്ദവും ഇല്ലാതെയാണ് സമാപനദിവസം വരെ മേള സംഘടിപ്പിച്ചത്. ഇത്തവണ സ്കൂൾ ഒളിമ്പിക്സ് എന്ന രീതിയിൽ സംഘടിപ്പിക്കപ്പെട്ട മേള എല്ലാ സ്കൂളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മുന്നോട്ടുനീങ്ങിയത്. കായികമേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചവരുടെ ആവശ്യം സ്പോർട്സ് സ്കൂളിനെ ഒഴിവാക്കിക്കൊണ്ട് ഏറ്റവും കൂടുതൽ പോയിന്റ് ആ സ്കൂളുകൾക്ക് നൽകണമെന്നായിരുന്നു. ഇക്കാര്യം അടക്കം പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞിട്ട് പോലും മേള അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വരെ അണിനിരന്ന കലാപരിപാടി തടസ്സപ്പെടുത്താൻ വേണ്ടി മൈക്ക് ഓഫ് ചെയ്യുന്ന നില വരെയുണ്ടായി. ഇതിനെല്ലാം നേതൃത്വം നൽകിയത് ഈ സ്കൂളുകളിലെ അധ്യാപകരാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് അര ഡസനോളം മേളകൾ സംഘടിപ്പിക്കുന്നുണ്ട്. തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കിൽ അതിക്രമം കാണിക്കുന്ന സമീപനം ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
2018 ഓഗസ്റ്റ് 17 നാണ് കേരള സ്കൂൾ കായികമേളയുടെ മാനുവൽ പരിഷ്കരിച്ചത്. ഇതിൽ ഒരിടത്തും ജനറൽ സ്കൂൾ എന്നും സ്പോർട്സ് സ്കൂൾ എന്നും വേർതിരിവ് വേണമെന്ന് പറയുന്നില്ല. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്‌കൂൾ കായിക മേള കൊച്ചി ട്വന്റിഫോർ ചരിത്രം കുറിച്ചിരിക്കുകയാണ്. സംഘാടനത്തിലും പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ യുവ കായികമേളയായി ഇത് മാറി. മേളയുടെ വിജയത്തിനായി പതിനഞ്ച് കമ്മിറ്റികൾ മാതൃകാപരമായി പ്രവർത്തിച്ചു.അധ്യാപക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളുമാണ് കമ്മിറ്റികൾക്ക് നേതൃത്വം നൽകിയത്. ഓരോ ദിവസവും, ഏകദേശം ഇരുപതിനായിരത്തോളം (20,000) ആളുകൾക്ക് മേളയിൽ ഭക്ഷണം നൽകി. ഇതും ചരിത്രമാണ്.മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സിൻ്റെ വിജയകരമായ സംയോജനത്തിലൂടെ ഈ വർഷം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചു.
ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിൽ ആദ്യമായി എവർ – റോളിംഗ് ട്രോഫി ഇത്തവണ നൽകി. ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കപ്പെട്ട കേരള സ്കൂൾ കായികമേള കൊച്ചി ട്വന്റി ഫോറിൽ പിറന്നത് നാൽപ്പത്തി നാല് മീറ്റ് റെക്കോർഡുകൾ ആണ്. ആയിരത്തി എഴുന്നൂറ്റി നാൽപ്പത്തി ഒന്ന്(1741) സ്വർണ മെഡലുകളും അത്രയും തന്നെ വെള്ളി മെഡലുകളും രണ്ടായിരത്തി നാൽപ്പത്തി ഏഴ്(2047) വെങ്കല മെഡലുകളും മേളയിൽ വിതരണം ചെയ്തു.കായിക താരങ്ങൾക്ക് ക്യാഷ് പ്രൈസ് ആയി 20 ലക്ഷം രൂപ വിതരണം ചെയ്തു.മുപ്പത്തി ഒമ്പത് കായിക ഇനങ്ങളിൽ ആയി ആകെ പന്ത്രണ്ടായിരത്തി എഴുന്നൂറ്റി മുപ്പത്തി ഏഴ് (12737)ആൺകുട്ടികളും പതിനൊന്നായിരത്തി എഴുപത്തി ആറ്(11076) പെൺകുട്ടികളും അടക്കം ഇരുപത്തി മൂവായിരത്തി എണ്ണൂറ്റി പതിമൂന്ന് കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.