കണ്ണൂർ: കർഷകർ ഷോക്കേറ്റ് മരിച്ച സംഭവങ്ങളിൽ കോടതി വിധിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് കെഎസ്ഇബി സ്ഥലവും ഓഫീസും ജപ്തതി ചെയ്യാൻ ഉത്തരവ്. കെ.എസ്.ഇ.ബി ചെമ്പേരി ഓഫീസ് കെട്ടിടവും 30 സെൻ്റ് സ്ഥലവും ജപ്തി ചെയ്യാനാണ് പയ്യന്നൂർ സബ്കോടതി ജഡ്ജി ബി ഉണ്ണികൃഷ്ണൻ ഉത്തരവിട്ടത്. 2 കേസുകളിൽ 45 ലക്ഷത്തിലധികം രൂപയാണ് നഷ്ടപരിഹാരമായി നൽകാനുള്ളത്.2017 നവംബർ 5ന് ചെമ്പേരി കുനിയൻപുഴ പുതുപ്പറമ്പിൽ ഷാജി മരിച്ച സംഭവത്തിൽ 26 ലക്ഷം രൂപയും 2017 ഓഗസ്റ്റിൽ ഏറ്റുപാറ ചക്കാങ്കൽ ജോണി മരിച്ച സംഭവത്തിൽ 18.82 ലക്ഷം രൂപയുമാണ് കെ.എസ്.ഇ.ബി നൽകേണ്ടത്.
അൾത്താമസമില്ലാത്ത പറമ്പിൽ യന്ത്രമുപയോഗിച്ച് കാട് തെളിക്കുന്നതിനിടെയാണ് ഷാജി ഷോക്കേറ്റ് മരിച്ചത്. സ്ഥലമുടമയായ ജോർജിന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്ററിന്റെ വയറിൽ നിന്ന് സ്റ്റേ വയറിലൂടെ വൈദ്യുതി പ്രവഹിച്ചെന്നാണ് കേസ്. സ്വന്തം പറമ്പിലെ ജോലിക്കിടെയാണ് പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ജോണി മരിച്ചത്.